എന്‍. ശങ്കര്‍ റെഡ്ഡി വിജിലന്‍സ് മേധാവി

തിരുവനന്തപുരം: ഉത്തരമേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് മേധാവിയായി നിയമിക്കാന്‍ തീരുമാനം. വിജിലന്‍സ് എ.ഡി.ജി.പി ആയി നിയമിക്കപ്പെട്ട  ശങ്കര്‍ റെഡ്ഡിക്ക് വിജിലന്‍സ് ഡയറക്ടറുടെ അധികചുമതല കൂടി നല്‍കിയിട്ടുണ്ട്. ബാര്‍കോഴ വിവാദത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച നിലവിലെ ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലാണ് ശങ്കര്‍ റെഡ്ഡിയുടെ നിയമനം.

അതേസമയം, ഡി.ജി.പി തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എ.ഡി.ജി.പി റാങ്കിലുള്ളയാളെ കൊണ്ടുവരുന്നതില്‍ ആഭ്യന്തരവകുപ്പ് ഉന്നതരില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനെതന്നെ നിയമിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും വാദിച്ചിരുന്നു. എന്നാല്‍, വിവിധ കോണുകളില്‍നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവഗണിച്ച് ആഭ്യന്തരമന്ത്രി മുന്നോട്ടുപോവുകയായിരുന്നു. ശങ്കര്‍ റെഡ്ഡിയെ ഉത്തരമേഖലയില്‍ നിലനിര്‍ത്തണമെന്ന് പ്രമുഖ ഘടകകക്ഷിനേതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിജിലന്‍സില്‍ ഇദ്ദേഹത്തിന്‍െറ സേവനം ഇപ്പോള്‍ അനിവാര്യമാണെന്ന് ആഭ്യന്തരവകുപ്പ് നിലപാടെടുക്കുകയായിരുന്നു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശ്വസ്തനായ ഉദ്യോഗസ്ഥനെ വിജിലന്‍സ് തലപ്പത്ത് കൊണ്ടുവരണമെന്ന നിലപാടാണ് സര്‍ക്കാറിന് ഉണ്ടായിരുന്നത്. ഡി.ജി.പി റാങ്കിലുള്ള ലോകനാഥ് ബെഹ്‌റയെ കൊണ്ടുവരാന്‍ നീക്കമുണ്ടായെങ്കിലും ആഭ്യന്തരവകുപ്പിലെ ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു. നിലവില്‍ ജയില്‍ മേധാവിയായ ബെഹ്‌റക്കും ജയില്‍ വകുപ്പില്‍ തുടരാനാണ് താല്‍പര്യം.

ബാര്‍ കോഴക്കേസ് തുടരന്വേഷണം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്വേഷണത്തില്‍ കാലവിളംബം ഒഴിവാക്കാനും മാണിക്കനുകൂലമായി കരുക്കള്‍ നീക്കാനും അനുയോജ്യനായ ഉദ്യോഗസ്ഥനെ വിജിലന്‍സ് ആസ്ഥാനത്ത് കൊണ്ടുവരാനുമുള്ള നീക്കങ്ങള്‍ തകൃതിയായി നടന്നിരുന്നു.

ഉത്തരമേഖല എ.ഡി.ജി.പിയായി നിതിന്‍ അഗര്‍വാളിനെ നിയമിച്ചു. എറണാകുളം റെയ്ഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിനെ തൃശൂര്‍ റെയ്ഞ്ച് ഐ.ജി ആക്കും. ഇന്‍േറണല്‍ സെക്യൂരിറ്റി ഐ.ജി മഹിപാല്‍ യാദവിനെ എറണാകുളം റെയ്ഞ്ച് ഐ.ജി ആയി നിയമിക്കും. എസ്.സി.ആര്‍.ബി എ.ഡി.ജി.പി തസ്തികയിലേക്ക് പുതിയ നിയമനം ഉടന്‍ നടത്തുമെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.