ശാശ്വതീകാനന്ദയുടെ മരണം: തനിക്കൊന്നും അറിയില്ളെന്ന് അജി

ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ളെന്ന്, സംഭവദിവസം ആലുവ അദൈ്വതാശ്രമത്തില്‍ ഉണ്ടായിരുന്ന അടൂര്‍ അങ്ങാടിക്കല്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ അജി എന്ന അജികുമാര്‍.ശാശ്വതീകാനന്ദയെ ഒരാള്‍ വെള്ളത്തില്‍ ചവിട്ടി താഴ്ത്തുന്നത് താന്‍ കണ്ടുവെന്നും അതേക്കുറിച്ച് താന്‍ ചിലരോട് പറഞ്ഞെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അജികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തില്‍ താന്‍ ദൃക്സാക്ഷിയേ അല്ല.തനിക്കെതിരെ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. പത്തനംതിട്ട പൊലീസ് ചീഫിനും പരാതി നല്‍കും. താന്‍ ദൃക്സാക്ഷിയാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ ചെന്നുകണ്ട് പറഞ്ഞിരുന്നു. മാധ്യമങ്ങളോട് ഇക്കാര്യം തുറന്നുപറയണമെന്ന് വെള്ളാപ്പള്ളി നിര്‍ദേശിച്ചിരുന്നു. അതുപ്രകാരമാണ് അദ്ദേഹത്തിന്‍െറ നാടുകൂടിയായ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്.

സ്വാമി മരിച്ചദിവസം രാവിലെ അദൈ്വതാശ്രമത്തില്‍ താന്‍ പോയിരുന്നു. എസ്.എന്‍.ഡി.പി അടൂര്‍ യൂനിയന്‍െറ അങ്ങാടിക്കല്‍ ശാഖ അംഗമാണ് താന്‍. വേദ പഠനത്തിനായുള്ള ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാനാണ് അന്ന് പോയത്. തന്നെപ്പോലെ നിരവധി പേര്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു. രാവിലെ വൈകിയാണ് സ്വാമി എത്തിയത്. താന്‍ ഒരു യാത്രകഴിഞ്ഞ് വന്നതാണെന്നും അല്‍പം വിശ്രമിച്ചശേഷം വരാമെന്നും പറഞ്ഞ് സ്വാമി പോയി. ദൈവദശകം ചൊല്ലിക്കൊണ്ടിരിക്കുന്നതിനിടെ കടവില്‍നിന്ന് ഒരാള്‍ സ്വാമി വെള്ളത്തില്‍ പോയി എന്ന് അലമുറയിട്ട് വിളിച്ചുപറഞ്ഞു.
പ്രാര്‍ഥന കഴിഞ്ഞാണ് എല്ലാവരും അങ്ങോട്ട് പോയത്.  സ്വാമിയെ ആരെങ്കിലും ചവിട്ടി താഴ്ത്തിയെന്നോ കൊന്നെന്നോ ഒന്നും തനിക്കറിയില്ല. ആരും തന്നെ ചോദ്യംചെയ്യാനും വന്നിട്ടില്ല.  താന്‍ സംഭവത്തിനുശേഷം വൈദിക പഠനം എന്ന ആഗ്രഹം ഉപേക്ഷിച്ചു. നാട്ടില്‍ ഓട്ടോഡ്രൈവറായെന്നും അജികുമാര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.