ബാര്‍കോഴ: രമേശ് ചെന്നിത്തലക്കും ബാബുവിനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

കൊച്ചി: ബാര്‍കോഴ കേസില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലക്കും കെ. ബാബുവിനുമെതിരെ വിജിലന്‍സ് ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. മന്ത്രി മാണിക്കൊപ്പം ഇരുവരും സമാന ആരോപണത്തിന് വിധേയരായിരുന്നെങ്കിലും ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ളെന്ന് കൊല്ലം കരുനാഗപ്പള്ളി സ്വദേശി എം. മുത്തുകൃഷ്ണന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഒരു മന്ത്രിക്കെതിരെ മാത്രം അന്വേഷണം നടത്തിയ വിജിലന്‍സ് മറ്റ് രണ്ട് പേരെ ഒഴിവാക്കിയത് സംശയകരമാണ്. ബാര്‍ ഹോട്ടലുകളുടെ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. പ്രാഥമികാന്വേഷണം എന്ന പേരില്‍ അന്വേഷണം നടത്തിയെന്ന് വരുത്തിത്തീര്‍ത്ത് തെളിവില്ളെന്ന് കണ്ട് ഇരുവരെയും ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും രമേശ് ചെന്നിത്തലക്കും ബാബുവിനും എതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും  നടപടിയുണ്ടായില്ല. സര്‍ക്കാറിന്‍െറ നയപരമായ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലുണ്ടായ അഴിമതി ആരോപണം വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടത് തന്നെയാണ്. അതിനാല്‍, മറ്റ് രണ്ട് മന്ത്രിമാര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നും പരാതികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് പരിശോധിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

അതേസമയം, മന്ത്രി കെ.എം. മാണിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതിന്‍െറ പ്രതിഫലം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കരുതെന്നാവശ്യപ്പെടുന്ന ഹരജിയും തിങ്കളാഴ്ച കോടതിയിലത്തെി. അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംസ്ഥാനത്ത് ഉണ്ടായിരിക്കെ രണ്ടു പേരെയും മറികടന്ന് സ്വകാര്യ നിയമോപദേശം നേടിയ നടപടി അനധികൃതമാണ്. ഇതിന് ഏഴ് ലക്ഷം രൂപയാണ് ചെലവാക്കിയത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി പൊതുപണം ദുര്‍വിനിയോഗം ചെയ്യാന്‍ അനുവദിക്കാനാവില്ല. കേസില്‍ വാദം നടത്താന്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്ന നടപടിയുമുണ്ടായി. ഇത്തരം അനധികൃത ഇടപാടുകള്‍ക്ക് സംസ്ഥാന ഖജനാവില്‍നിന്ന് പണം അനുവദിക്കരുതെന്നും നല്‍കിയെങ്കില്‍ ബന്ധപ്പെട്ട വ്യക്തികളില്‍നിന്ന് അത് തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഫിയറ്റ് ജസ്റ്റീഷ്യ എന്ന സംഘടന നല്‍കിയ ഹരജിയിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.