മകനെക്കൊണ്ട് കാര്‍ ഓടിച്ച സംഭവം: തടസ്സ ഉത്തരവ് ഹാജരാക്കാന്‍ നിസാമിന് കോടതി നിര്‍ദേശം

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ആഡംബര കാര്‍ ഓടിപ്പിച്ച കേസില്‍ ഹൈകോടതിയുടെ തടസ്സ ഉത്തരവ് ഹാജരാക്കാന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനോട് കോടതി. കേസ് പരിഗണിക്കുന്നത് 2016 മാര്‍ച്ച് 19ലേക്ക് മാറ്റി. ചന്ദ്രബോസ് വധക്കേസിന്‍െറ വിചാരണ നടക്കുന്ന ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി തന്നെയാണ് ഈ കേസും പരിഗണിക്കുന്നത്.
ഒമ്പത് വയസ്സുള്ള മകനെക്കൊണ്ട് ആഡംബര കാര്‍ ഓടിപ്പിക്കുകയും അത് യൂ ട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ് കേസ്. കേസ് പരിഗണിച്ചപ്പോള്‍ ഹൈകോടതി സ്റ്റേ അനുവദിച്ചിട്ടുണ്ടെന്ന് നിസാം അറിയിച്ചു. എന്നാല്‍ തടസ്സ ഉത്തരവ് ലഭിച്ചിട്ടില്ളെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി.യു. മെഹബൂബ് അലി കോടതിയെ അറിയിച്ചു. ഇതോടെ തടസ്സ ഉത്തരവ് ഹാജരാക്കാന്‍ നിസാമിനോട് കോടതി നിര്‍ദേശിച്ചു. യൂ ട്യൂബില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് നിസാമിനെ അറസ്റ്റ് ചെയ്തിരുന്നു.
പിഴയടച്ച് കേസില്‍ നിന്ന് ഒഴിവായെങ്കിലും ഡ്രൈവിങ് അറിയാവുന്ന മകനെക്കൊണ്ട് ഇനിയും കാറോടിപ്പിക്കുമെന്നായിരുന്നു നിസാം അന്ന് പ്രതികരിച്ചത്. പിന്നീട് മറ്റൊരു ആഡംബര കാര്‍ മകനെക്കൊണ്ട് ഓടിപ്പിച്ച് യൂ ട്യൂബില്‍ പ്രദര്‍ശിപ്പിച്ചു. വീട്ടുകാര്‍ തന്നെ ചിത്രീകരിച്ച ഈ ദൃശ്യം 2013 ഏപ്രില്‍ 18ന് നിസാമാണ് ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്. രണ്ട് വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് ആളുകള്‍ ദൃശ്യങ്ങള്‍ കണ്ടു.
സ്വമേധയാ കേസെടുക്കാമായിരുന്നതാണെങ്കിലും പൊലീസ് ഇക്കാര്യം അറിയാത്ത ഭാവത്തിലായിരുന്നു. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ കേസെടുത്തു. നിസാമിന്‍െറ ആറാം ക്ളാസ് വിദ്യാര്‍ഥിയായ മൂത്ത മകനെക്കൊണ്ടാണ് കാര്‍ ഓടിപ്പിച്ചത്. ഇളയ മകന്‍ സഹയാത്രികനായുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.