മൂന്നാർ: പൊമ്പിള ഒരുമൈ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ അമിതമായി ഗുളികകൾ കഴിച്ച ഗോമതി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എസ്റ്റേറ്റിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച ഗോമതിയെ പിന്നീട് മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ഐ.സി.യുവിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
അപവാദ പ്രചരണത്തിൽ മനംനൊന്താണ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് ഭർത്താവ് അഗസ്റ്റിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭര്‍ത്താവിന്‍റെ നടുവേദനക്ക് നല്‍കിയ അലൂമിനിയം ഹൈഡ്രോക്ലോറൈഡ് എന്ന വേദനസംഹാരി ആറെണ്ണം കഴിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ ഗോമതി പഞ്ചായത്ത് അംഗമാണ്. യു.ഡി.എഫിനാണ് ഇവിടെ പൊമ്പിള ഒരുമൈ പിന്തുണ നല്‍കിയത്. പഞ്ചായത്ത് ഭരണസമിതി അധികാരമേല്‍ക്കുന്നതിനിടെ മൂന്നാറിൽ ചെറിയ തോതിൽ സംഘര്‍ഷവുമുണ്ടായിരുന്നു.
മൂന്നാര്‍ സമരത്തിന് അണിയറയില്‍ പ്രവര്‍ത്തിച്ച മനോജ്, മണി എന്നിവരില്‍നിന്നകലാന്‍ തയാറാണെങ്കില്‍ മാത്രം പെമ്പിളൈ ഒരുമൈയില്‍ ഗോമതിക്ക് തുടരാമെന്ന് സംഘടനയുടെ അധ്യക്ഷപദവി വഹിക്കുന്ന ലിസി സണ്ണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം നാലു ദിവസമായി മൂന്നാറില്‍നിന്ന് അപ്രത്യക്ഷയായ ഗോമതിയും മനോജും നാടകീയമായാണ് തിരിച്ചത്തെിയത്. ഗോമതിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തില്‍ ഗോമതിക്കും മനോജിനുമെതിരെ ദേവികുളം പൊലീസ് കേസെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഗോമതിയെ കാണാതായത്. ഈ ദിവസങ്ങളില്‍ ഗോമതിയും മനോജും തമിഴ്നാട്ടില്‍ പോയെന്നും എ.ഐ.എ.ഡി.എം.കെയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നും വാര്‍ത്ത പരന്നിരുന്നു.
എന്നാല്‍, ഈ ദിവസങ്ങളില്‍ ലിസിയുടെ തോക്കുപാറയിലുള്ള വീട്ടിലായിരുന്നുവെന്നാണ് ഗോമതി പറഞ്ഞത്. കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ബുധനാഴ്ച 40 പേരോളം ചേര്‍ന്ന് ലിസിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഗോമതിയോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു..
എന്നാല്‍, ഒന്നും വ്യക്തമാക്കാതെ ഒഴിഞ്ഞുമാറിയ ഗോമതിക്കെതിരെ കടുത്ത നടപടി എടുക്കണമെന്നായിരുന്നു പങ്കെടുത്തവരില്‍ അധികപേരും ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.