ചന്ദ്രബോസ് വധക്കേസ്: കോടതി മാറ്റണമെന്ന നിസാമിന്‍െറ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ വിചാരണ നിലവിലുള്ള കോടതിയില്‍നിന്ന് മാറ്റണമെന്ന പ്രതി മുഹമ്മദ് നിസാമിന്‍െറ ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് നിസാം ഹരജി നല്‍കിയിരുന്നതെങ്കിലും കേസ് പരിഗണനക്ക് വന്നപ്പോള്‍ തൃശൂര്‍ ജില്ലക്ക് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.  നിസാമിന്‍െറയും പ്രതിഭാഗം സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് സ്വതന്ത്രമായ വിചാരണ നടക്കില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബോസ് വധക്കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്  നിസാം സുപ്രീംകോടതിയെ സമീപിച്ചത്.  പ്രതിഭാഗം സാക്ഷികളെ പൊലീസ് പീഡിപ്പിക്കുന്നതായും കോടതി പരിസരത്ത്  ജനം കയ്യേറ്റം ചെയ്യുന്നതായും നിസാമിന്‍െറ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കോടതിയിലേക്ക് ജനങ്ങള്‍ വരുന്നത് തടയാന്‍ കഴിയില്ളെന്നു വ്യക്തമാക്കിയ സുപ്രീംകോടതി വിചാരണ മാറ്റണമെന്ന നിസാമിന്‍െറ ആവശ്യം അംഗീകരിച്ചില്ല.
കേരളത്തില്‍നിന്ന് പുറത്തേക്ക് വിചാരണ മാറ്റാന്‍ കഴിയില്ളെന്ന് കണ്ടതോടെയാണ് തൃശൂര്‍ ജില്ലക്ക് പുറത്തുള്ള കോടതിയിലേക്കു വിചാരണ മാറ്റിയാല്‍ മതിയെന്ന നിലപാടിലേക്ക് നിസാമിന്‍െറ അഭിഭാഷകര്‍ മാറിയത്. എന്നാല്‍, ആ ആവശ്യവും സുപ്രീംകോടതി തള്ളി. എന്നാല്‍, പ്രതിഭാഗം സാക്ഷികള്‍ക്ക് മതിയായ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന്  സുപ്രീംകോടതി നിര്‍ദേശിച്ചു. സാക്ഷികളെ വീട്ടില്‍നിന്ന് കോടതിയിലേക്കും കോടതിയില്‍ നിന്ന് വീട്ടിലേക്കും പൊലീസിന്‍െറ സാന്നിധ്യത്തില്‍ എത്തിക്കണം. ഏതൊക്കെ സാക്ഷികള്‍ക്കാണ് സുരക്ഷ നല്‍കേണ്ടതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പ്രോസിക്യൂട്ടറെ അറിയിക്കണം. സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ജില്ലാ പൊലീസ് മേധാവിക്കായിരിക്കും. സാക്ഷികളായി വിദഗ്ധരെ വിസ്തരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഡി.ജി.പിക്കായിരിക്കും. സുഗമവും സ്വതന്ത്രവുമായി വിചാരണ ഉറപ്പാക്കണമെന്ന്  വിചാരണ കോടതി ജഡ്ജിക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. സുരക്ഷ സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ നിസാമിന് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അഭിഭാഷകന്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. എന്നാല്‍, തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്.


ചന്ദ്രബോസ് വധക്കേസ്: കോടതിയില്‍ അഭിഭാഷകരുടെ പോര്‍വിളി
തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിന്‍െറ വിസ്താരത്തിനിടെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനുവും തമ്മില്‍ പോര്‍വിളി. കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ടി.പി. അനിലിനെ വിസ്തരിക്കുമ്പോള്‍ പരിധിവിട്ട പ്രതിഭാഗം അഭിഭാഷകന്‍െറ നടപടി പോസിക്യൂഷന്‍ ചോദ്യം ചെയ്തതാണ് ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവെച്ചത്. പ്രതിഭാഗത്തിന്‍െറ നടപടിയില്‍ കോടതിയും അതൃപ്തി പ്രകടിപ്പിച്ചത്.
 തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വിസ്തരം നടന്നത്. ചന്ദ്രബോസിന് നേരെ നടന്ന ആക്രമണത്തിന്‍െറ ദൃക്സാക്ഷിയോടോ അന്വേഷണ ഉദ്യോഗസ്ഥനോടോ എന്ന പോലെയാണ് അഡ്വ. രാമന്‍പിള്ള ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ടി.പി. അനിലിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. വിചാരണ പരിധി വിടുന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ നിയമവിരുദ്ധവുമാണെന്ന് പറഞ്ഞ് പ്രതിഭാഗത്തിന്‍െറ വിസ്താരത്തെ പ്രേസിക്യൂഷന്‍ എതിര്‍ത്തു. ഇതോടെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനുവും തമ്മില്‍ വാദപ്രതിവാദമായി. 1969ലെ യു.പി കോടതി വിധിയും നിയമവശവും വിശദീകരിച്ചാണ് പ്രോസിക്യൂഷന്‍ പ്രതിഭാഗത്തെ നേരിട്ടത്. ഇതോടെ കോടതിയും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. പ്രോസിക്യൂഷന്‍ വാദം ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് പ്രതിരോധവ്യായാമമെന്ന നിലയില്‍ കണ്ടാല്‍ മതിയെന്ന് കോടതി തമാശരൂപേണ പറഞ്ഞെങ്കിലും മജിസ്ട്രേറ്റിനെ വിസ്തരിക്കുമ്പോള്‍ പ്രതിഭാഗം പരിധിവിട്ടതില്‍ കോടതി അതൃപ്തി വ്യക്തമാക്കി. 20 മിനിറ്റോളം നീണ്ട വാദം കോടതിയുടെ ഇടപെടലിലാണ് പ്രതിഭാഗം അവസാനിപ്പിച്ചത്.
പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കിയ പേരാമംഗലം എസ്.ഐ ടി.എന്‍. സുധാകരന്‍െറ വിസ്താരം തിങ്കളാഴ്ച പൂര്‍ത്തിയാക്കി. ഇതോടെ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം അവസാനഘട്ടത്തിലത്തെി. അവസാന സാക്ഷിയായ, കേസ് അന്വേഷിച്ച പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിനെ വ്യാഴാഴ്ച വിസ്തരിക്കും. മൊഴി മാറ്റിയതിനെ തുടര്‍ന്ന് കോടതി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച മുഹമ്മദ് നിസാമിന്‍െറ ഭാര്യ അമല്‍ അവധിയപേക്ഷ നല്‍കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.