കോഴിക്കോട്: ‘സായ’ എന്ന പേരിൽ എഴുതുകയും ചിത്രങ്ങൾ വരക്കുകയും ചെയ്ത ബംഗ്ലാദേശി യുവതി ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നു. ചിത്രങ്ങളും പുസ്തകങ്ങളും വിറ്റയിനത്തിൽ ലഭിച്ച ലക്ഷം ടാക്കയുമായാണ് മടക്കം. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്ന പെൺകുട്ടികൾക്ക് എന്തെങ്കിലും ചെയ്യാൻ ആവുമെന്ന പ്രതീക്ഷയിൽ 18,100 രൂപയുടെ ഫണ്ടും ഇവർ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ആർട്ട് ഗാലറിയിൽ നടന്ന പ്രദർശനത്തിലെ ചിത്രങ്ങളും പുസ്തകങ്ങളും സഹൃദയർ ഏറ്റുവാങ്ങിയയിനത്തിലാണ് ഇത്രയും തുക ലഭിച്ചതെന്ന് ആം ഓഫ് ജോയ് ഭാരവാഹി ജി. അനൂപ്, ഷിജു, രേഖ അനൂപ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ പീഡിപ്പിക്കപ്പെട്ട യുവതിയോട് സഹതാപത്തിനപ്പുറം ആദരവും കൂടിയാണ് കോഴിക്കോട്ടെ ജനത കാണിച്ചതെന്ന് ഇവർ പറഞ്ഞു. ചിത്രങ്ങൾ പണം കൊടുത്തു വാങ്ങുകയും ചിലത് വീണ്ടും വരക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മന്ത്രി ഡോ. എം.കെ. മുനീർ ഉൾപ്പെടെയുള്ളവർ സായയുടെ അക്രലിക് ചിത്രങ്ങൾ വാങ്ങി. പ്രദർശനഹാളിലെ കൗണ്ടറിൽ വെച്ച ‘ഞാൻ എന്ന മുറിവ്’ എന്ന പുസ്തകത്തിെൻറ 431 കോപ്പികളാണ് വിറ്റഴിഞ്ഞത്.
എട്ടു ദിവസം നീണ്ട ‘ഫീമെയ്ൽ ബംഗ്ലാദേശ്’ എന്ന പ്രദർശനത്തിലെ 18 ചിത്രങ്ങളും പണം കൊടുത്ത് വാങ്ങാൻ ആളെത്തി. ചിത്രങ്ങൾ വിറ്റതിലൂടെ ലഭിച്ച 60,000 രൂപയും പുസ്തകവിൽപനയിലൂടെ 25,000 രൂപയും ചേർത്ത് 85,000 ഇന്ത്യൻ രൂപയാണ് ലഭിച്ചത്. ഈ രൂപ ബംഗ്ലാദേശി കറൻസിയിലേക്ക് മാറ്റിയപ്പോഴാണ് ഒരു ലക്ഷം ടാക്കയായത്.
പ്രദർശനഹാളിൽ ആസ്വാദകർ എഴുതിയ കുറിപ്പുകളെല്ലാം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി ‘ടു സായ, പ്യാർ സെ കോഴിക്കോട്’ എന്ന പേരിൽ പുസ്തകരൂപത്തിലാക്കി യുവതിക്ക് കൈമാറി. പുസ്തക വിൽപനയിൽ നിന്ന് ലഭിച്ച തുകയിൽ ബാക്കിവന്ന 18,100 രൂപയാണ്, ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്ന പെൺകുട്ടികൾക്കുള്ള ഫണ്ട് ആക്കിയത്. യുവതിയെ നാട്ടിലേക്കെത്തിക്കാൻ ജില്ലാ കലക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. പെൺകുട്ടിയെ വിട്ടയക്കാൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.