ബാർ കോഴ തിരുത്തൽ ഹരജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ബാർ കോഴക്കേസിൽ  തുടരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹരജിയിൽനിന്ന് ‘മന്ത്രി’യെ നീക്കാനുള്ള തിരുത്തൽ ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. ഹരജിയിലെ എതിർ കക്ഷിയായ കെ.എം. മാണിയോടൊപ്പം ചേർത്തിട്ടുള്ള ‘മന്ത്രി പദവി’ നീക്കാൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ പരിഗണിക്കുക.

തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യു നൽകിയ ഹരജിയിൽ കെ.എം. മാണിയെ ധനമന്ത്രി എന്ന നിലയിലാണ് എതിർ കക്ഷിയാക്കി ചേർത്തിരിക്കുന്നത്. എന്നാൽ, ശനിയാഴ്ച ഹരജി പരിഗണിച്ച കോടതി മാണിയടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. നോട്ടീസ് അയക്കാൻ നടപടി സ്വീകരിക്കവേയാണ് ഹരജിയിൽ മാണിയെ മന്ത്രിയെന്ന് രേഖപ്പെടുത്തിയത് തടസ്സമായി ശ്രദ്ധയിൽപെട്ടത്. തുടർന്നാണ് മന്ത്രി എന്നത് മാറ്റി കെ.എം. മാണി എം.എൽ.എ എന്ന് തിരുത്താനുള്ള ഹരജി കോടതിയിൽ സമർപ്പിച്ചത്. ഈ തിരുത്തൽ വരുത്തിയ ശേഷമാകും മാണിക്ക് നോട്ടീസ് അയക്കുക.

ബാർ കോഴക്കേസിൽ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നതുൾപ്പെടെ കോടതി പരാമർശങ്ങൾക്ക് ഇടയാക്കിയ ഹരജി ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കാനായാണ് മാറ്റിയത്. അതേസമയം, കേസിലെ പ്രതിയാണ് കെ.എം. മാണി എന്നിരിക്കെ ഈ എതിർ കക്ഷിയിൽനിന്ന് വാദം കേൾക്കേണ്ടതുണ്ടോയെന്ന നിയമപ്രശ്നവും കോടതി മുമ്പാകെ ഉയർന്നുവന്നിട്ടുണ്ട്. ഹരജയിൽ തീരുമാനമെടുക്കാൻ പ്രതിക്ക് നോട്ടീസ് അയച്ച് അയാളുടെ നിലപാട് കോടതി ആരായേണ്ടതില്ലെന്ന അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്. ചൊവ്വാഴ്ച ഈ വിഷയവും കോടതി മുമ്പാകെ പരിഗണനക്ക് വന്നേക്കുമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.