ഹോട്ടലുകളില്‍ അമിതവില: 5000 രൂപ പിഴ

തിരുവനന്തപുരം: ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍  തയാറാക്കിയ 2015ലെ കേരള ഹോട്ടലുകള്‍ (ഭക്ഷണവില ക്രമീകരണം) ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അമിതവില ഈടാക്കിയാല്‍ 5000 രൂപ പിഴ ഈടാക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്ല്. ഇതനുസരിച്ച് എല്ലാ ജില്ലകളിലും ഭക്ഷണവില ക്രമീകരണ അതോറിറ്റി രൂപവത്കരിക്കും. ജില്ലയിലെ ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുകയുമാണ് പ്രധാന ചുമതല. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ളതോ ആയ ആളായിരിക്കും ചെയര്‍മാന്‍. ആറ് അനൗദ്യോഗിക അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും.
അതോറിറ്റി അംഗീകരിച്ച പട്ടികയിലുള്ളതിനേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ പാടില്ല. വില കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിര്‍ദിഷ്ട ഫീസ് സഹിതം അപേക്ഷിക്കേണ്ടതും അതോറിറ്റി ഒരു മാസത്തിനകം തീരുമാനം എടുക്കേണ്ടതുമാണ്. ചട്ടലംഘനം ഉണ്ടായാല്‍ ഹോട്ടലിന്‍െറ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ ഹോട്ടല്‍ നടത്തിയാലും അമിതവില ഈടാക്കിയാലും 5000 രൂപ വരെ പിഴ ശിക്ഷിക്കാം. ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ്ഫുഡ് സെന്‍ററുകള്‍ എന്നിവ ഹോട്ടലിന്‍െറ നിര്‍വചനത്തില്‍ വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.