പാനായിക്കുളം സിമി കേസ്: കൈയടിച്ചതിന്‍െറ പേരില്‍ കോടതി കയറേണ്ടി വന്നത് ഒമ്പത് വര്‍ഷം

കൊച്ചി: പാനായിക്കുളത്ത് സിമി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് കൈയടിച്ചതിന്‍െറ പേരില്‍ 11 പേര്‍ക്ക് കോടതി കയറേണ്ടി വന്നത് ഒമ്പത് വര്‍ഷം. 2006 ലെ സ്വാതന്ത്ര്യ ദിനത്തില്‍ സിമിയുടെ നേതൃത്വത്തില്‍ നടത്തിയ ‘സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ പങ്ക്’ എന്ന യോഗത്തില്‍ സദസ്യരായവരാണ് ഇതിന്‍െറ പേരില്‍ ദുരിതം അനുഭവിച്ചത്.

കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശികളായ ഷമീര്‍ (37), അബ്ദുല്‍ ഹക്കീം (28), ഉടുമ്പന്‍ചോല സ്വദേശി നിസാര്‍ (33), പല്ലാരിമംഗലം സ്വദേശി മുഹ്യിദ്ദീന്‍കുട്ടി എന്ന താഹ (39), പറവൂര്‍ വയലക്കാട് സ്വദേശി മുഹമ്മദ് നിസാര്‍ (27), എറിയാട് സ്വദേശി അഷ്കര്‍ (35), നിസാര്‍ എന്ന മുഹമ്മദ് നിസാര്‍ (40), പാനായിക്കുളം സ്വദേശി ഹാഷിം (27), തൃക്കാരിയൂര്‍ സ്വദേശി റിയാസ് (31), പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് നൈസാം (29), ഉളിയന്നൂര്‍ സ്വദേശി  നിസാര്‍ (29) എന്നിവരെയാണ് ഒമ്പത് വര്‍ഷത്തിനൊടുവില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി നിരപരാധികളാണെന്ന് കണ്ടത്തെിയത്.

യോഗത്തില്‍ പങ്കെടുത്ത റഷീദ് മൗലവിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാപ്പുസാക്ഷിയാക്കിയെങ്കിലും റഷീദ് മൗലവിക്കും വര്‍ഷങ്ങള്‍ കോടതി കയറിയിറങ്ങേണ്ടി വന്നു. പരിപാടി നടക്കവെ വേദിയിലുണ്ടായിരുന്ന ഷാദുലി, അന്‍സാര്‍ നദ്വി, റാസിഖ്, ഷമ്മാസ്, നിസാമുദ്ദീന്‍ എന്നിവരുടെ പ്രസംഗത്തിന് സദസ്സിലുണ്ടായിരുന്നവര്‍ കൈയടിച്ച് പ്രോത്സാഹനം നല്‍കിയെന്നായിരുന്നു ആരോപണം.

വിട്ടയക്കപ്പെട്ട മുഴുവന്‍ പ്രതികളും സംഭവം നടന്ന ഉടന്‍ ഒരുമാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. സംസ്ഥാന പൊലീസ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയപ്പോള്‍ വിചാരണ വേഗത്തില്‍ തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍, പിന്നീട് കോഴിക്കോട് ഇരട്ട സ്ഫോടനം അന്വേഷണത്തിനായി എന്‍.ഐ.എ ആദ്യമായി കേരളത്തിലത്തെിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദ സ്വഭാവം ആരോപിക്കുന്ന മറ്റ് കേസുകള്‍ക്കൊപ്പം ഈ കേസും എന്‍.ഐ.എക്ക് കൈമാറി.

2010 ഡിസംബറിലാണ് എന്‍.ഐ.എ കേസ് വീണ്ടും അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, വിചാരണക്കായി വീണ്ടും നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2014 ജൂലൈയില്‍ തുടങ്ങിയ വിചാരണക്ക് ബുധനാഴ്ച അന്ത്യമായതോടെയാണ് കുറ്റാരോപിതരായ 11 പേരുടെ കോടതി കയറ്റത്തിനും വിരാമമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.