വോട്ടര്‍ പട്ടിക പുതുക്കല്‍: കൂടുതല്‍ സമയം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പട്ടിക പുതുക്കുന്നതിന് രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചീഫ് ഇലക്ഷന്‍ കമീഷണര്‍ ഡോ. നസിം സൈദിക്ക് കത്തയച്ചു. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതേയുള്ളൂ. അതിനാല്‍ നിയമസഭാ/ലോക്സഭാ തെരഞ്ഞെടുപ്പുകളിലേക്ക് വോട്ടര്‍ പട്ടിക പുതുക്കുന്നതില്‍ കാലതാമസം നേരിട്ടു.
നിലവിലെ പട്ടികയില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ആവശ്യമാണെങ്കിലും 30ാം തീയതി വരെയേ കാലാവധിയുള്ളൂ. ഇനിയുള്ള നാലുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാവില്ല. സംസ്ഥാന ഇലക്ഷന്‍ കമീഷന്‍െറ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് നല്‍കിയ പലരും ചീഫ് ഇലക്ഷന്‍ കമീഷന്‍െറ പട്ടികയിലും തങ്ങളുടെ പേര്‍ വരുമെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആവശ്യമായ പ്രചാരണവും പേര് ചേര്‍ക്കലും തിരുത്തലും നടത്തുന്നതിന് ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും സമയം വേണ്ടിവരുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ശമ്പള പരിഷ്കരണം: ആശങ്ക വേണ്ടെന്ന്
ശമ്പള പരിഷ്കരണം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സമയബന്ധിതമായി ഇത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പള പരിഷ്കരണം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി യോഗം ഡിസംബര്‍ മൂന്നിന് ചേരും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ് എന്നിവരാണ് മുഖ്യമന്ത്രിയെ കൂടാതെ ഉപസമിതിയിലുള്ളത്.
ശമ്പള പരിഷ്കരണം സംബന്ധിച്ച എല്ലാ നടപടികളും സമയബന്ധിതമായി മുന്നോട്ടുപോകുന്നതിനിടയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഇതില്‍നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.