തിരുവനന്തപുരം: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ സംസ്ഥാനത്തും ദുഃഖാചരണം. ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ ഏഴ് ദിവസത്തെ ദുഃഖാചരണം നടത്തുക.
ദുഃഖാചരണ ദിവസങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. കൂടാതെ, ഔദ്യോഗിക പരിപാടികൾ നടത്തില്ല. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസർക്കാരും ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. രാവിലെ 11ന് കേന്ദ്രമന്ത്രിസഭ പ്രത്യേക യോഗം ചേരും. നാളെ എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദർശനത്തിന് ശേഷമാകും സംസ്കാരം.
വ്യാഴാഴ്ച രാത്രി 9.51ന് ഡൽഹി എയിംസിലായിരുന്നു മൻമോഹൻ സിങ്ങിന്‍റെ അന്ത്യം. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരിലൊരാളായിരുന്നു. 1991-96 കാലയളവിൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന മൻമോഹനാണ് രാജ്യത്ത് സാമ്പത്തിക പരിഷ്‍കാരങ്ങൾക്ക് തുടക്കംകുറിച്ചത്.
സോഷ്യലിസ്റ്റ് പാത പിന്തുടർന്നിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ 90കളിലെ ഉദാരീകരണ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം മൻമോഹൻ സിങ്ങിന്റേതായിരുന്നു. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ധനകാര്യ വിദഗ്ധനിൽനിന്ന് രാജ്യത്തിന്‍റെ 13-ാം പ്രധാനമന്ത്രിപദത്തിലേക്ക് നിയോഗിക്കപ്പെട്ടയാൾ എന്ന നിലയിൽ മൻമോഹൻ സിങ്ങിന്‍റെ ജീവിതം ചരിത്രമാണ്.
സാമ്പത്തിക ശാസ്ത്രജ്ഞനായ ആദ്യത്തെ പ്രധാനമന്ത്രി എന്ന സവിശേഷതയും അദ്ദേഹത്തിനു സ്വന്തം. 1998 -2004 കാലയളവിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.