തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഡിസംബര്‍ ഏഴിനകം നല്‍കണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഡിസംബര്‍ ഏഴിനകം ചെലവ് കണക്ക് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തില്‍ മത്സരിച്ചവര്‍ ബ്ളോക്  സെക്രട്ടറിക്കും ബ്ളോകില്‍ മത്സരിച്ചവര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ മത്സരിച്ചവര്‍ കലക്ടര്‍ക്കുമാണ്  കണക്ക് നല്‍കേണ്ടത്.
ഗ്രാമപഞ്ചായത്തില്‍ സ്ഥാനാര്‍ഥി 10,000 വരെയും ബ്ളോക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 30,000 വരെയും  ജില്ലാ പഞ്ചായത്തിലേക്കും കോര്‍പറേഷനിലേക്കും  60,000 രൂപവരെയും ചെലവാക്കാം. സ്ഥാനാര്‍ഥിയോ ഏജന്‍േറാ  സ്ഥാനാര്‍ഥിക്കുവേണ്ടി മറ്റാരെങ്കിലുമോ ചെലവാക്കിയ തുക കണക്കില്‍പെടുത്തണം. നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം  മുതല്‍ ഫലപ്രഖ്യാപന ദിവസംവരെയുള്ള ചെലവ് കണക്കാണ് നല്‍കേണ്ടത്. കണക്കിനൊപ്പം രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പും നല്‍കണം.  അസ്സല്‍ സ്ഥാനാര്‍ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്നപക്ഷം പരിശോധനക്കായി നല്‍കുകയും വേണം. സ്ഥാനാര്‍ഥികള്‍ എന്‍ 30 ഫോറത്തിലാണ് കണക്ക് നല്‍കേണ്ടത്.
കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവരെ അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യനാക്കും. നിശ്ചിത പരിധിയില്‍ കൂടുതല്‍ ചെലവാക്കിയാലും തെറ്റായ വിവരമാണ് നല്‍കിയതെന്ന് ബോധ്യപ്പെട്ടാലും അയോഗ്യരാക്കും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരില്‍ 11000ത്തോളം പേര്‍ക്ക് അയോഗ്യത കാരണം ഇത്തവണ മത്സരിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും കമീഷന്‍ ഓര്‍മിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.