കള്ളപ്പണം തിരിച്ചുപിടിക്കലില്‍ മോദിക്ക് മുന്‍ സര്‍ക്കാര്‍ നിലപാട് –രാം ജത്മലാനി

കൊച്ചി: വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന നരേന്ദ്രമോദിയുടെ വാഗ്ദാനം വിശ്വസിച്ചതില്‍ കുറ്റബോധമുണ്ടെന്ന് മുന്‍ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജത്മലാനി. 9000 ലക്ഷം കോടിയുടെ കള്ളപ്പണം തിരിച്ചുപിടിച്ച് 15 ലക്ഷം വീതം രാജ്യത്തെ പാവങ്ങള്‍ക്ക് നല്‍കുമെന്ന മോദിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം വെറുതെയായി. നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍െറ ധനകാര്യമന്ത്രിയും ഇക്കാര്യത്തില്‍ എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍െറ 155ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംഘടിപ്പിച്ച ഏകദിന നിയമ ശില്‍പശാല കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണം പുറത്തുകൊണ്ടുവരുന്ന കാര്യത്തില്‍ മുന്‍ സര്‍ക്കാറിന്‍െറ അതേ നിലപാട് തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാറും പിന്‍തുടരുന്നത്. തെരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയായാല്‍ കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോദി ഇപ്പോള്‍ മൗനം പാലിക്കുകയാണ്. ഒരു ഉപാധികളുമില്ലാതിരുന്നിട്ടും കള്ളപ്പണക്കാരുടെ വിവരം സംബന്ധിച്ച് ജര്‍മന്‍ സര്‍ക്കാറിനോട് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുന്നില്ല. ഈ കാപട്യത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തനിക്ക് ബി.ജെ.പിക്കു പുറത്തേക്ക് പോകേണ്ടിവന്നത്  -അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.