കളമശ്ശേരി: കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം തൃക്കാക്കര മൈത്രിപുരം റോഡിൽ 11/347-എ വീട്ടിൽ ഗിരീഷ്ബാബു (42), തൃപ്പൂണിത്തുറ എരൂർ കല്ലുവിള വീട്ടിൽ ഖദീജ (പ്രബിത-42) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 17ന് കൂനംതൈ അമ്പലം റോഡിലുള്ള അപ്പാർട്മെന്റിലാണ് സംഭവം. പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടിൽ ജയ്സി എബ്രഹാമാണ് (55) കൊല്ലപ്പെട്ടത്. അപ്പാർട്മെന്റിൽ ഒരുവർഷമായി ഒറ്റക്ക് താമസിക്കുകയായിരുന്നു ഇവർ.
ഗിരീഷ് ബാബുവിന്റെ കാമുകിയാണ് പ്രബിത. ഇരുവരുടെയും പൊതുസുഹൃത്താണ് ജയ്സി. ജയ്സിയുടെ വീട്ടിൽവെച്ചാണ് ഗിരീഷ് ബാബു ആദ്യം പ്രബിതയെ പരിചയപ്പെടുന്നത്. തുടർന്ന് അടുത്ത സുഹൃത്തുക്കളായി. ഇരുവർക്കും സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട് വിറ്റ വകയിൽ ധാരാളം പണവും സ്വർണവും ജയ്സിയുടെ അപാർട്മെൻറിൽ ഉണ്ടാകുമെന്ന് കരുതിയ പ്രതികൾ കവർച്ചക്ക് തീരുമാനിക്കുകയായിരുന്നു.
സംഭവ ദിവസം അപ്പാർട്മെന്റിലെത്തിയ പ്രതി ഗിരീഷ് കുമാർ കൈയിൽ കരുതിയിരുന്ന മദ്യം ജയ്സിയുമൊത്ത് കഴിച്ചു. ലഹരിയുടെ മയക്കത്തോടെ ജയ്സി ബെഡിൽ കിടന്ന സമയം പ്രതി ബാഗിൽ കരുതിയ ഡംബൽ എടുത്ത് തലക്ക് പലവട്ടം അടിക്കുകയും നിലവിളിച്ചപ്പോൾ തലയണകൊണ്ട് മുഖം അമർത്തിപ്പിടിക്കുകയും ചെയ്തു.
മരണം ഉറപ്പാക്കിയശേഷം മരണം ബാത്ത് റൂമിൽ തെന്നിവീണ് പരിക്കേറ്റാണെന്ന് വരുത്താൻ മൃതദേഹം ശൗചാലയത്തിൽ കൊണ്ടുപോയി ഇടുകയായിരുന്നു. ശേഷം ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ് ബാഗില്‍ കരുതിയ മറ്റൊരു വസ്ത്രം ധരിച്ച് പ്രതി കടന്നുകളഞ്ഞു. ജയ്സിയുടെ രണ്ട് സ്വർണ വളകളും രണ്ട് മൊബൈല്‍ ഫോണുകളും ഇയാൾ കൊണ്ടുപോയി. കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ ഡി.സി.പി കെ.എസ്. സുദർശനന്റെ നിർദേശപ്രകാരം തൃക്കാക്കര എ.സി.പി എ. ബേബി, കളമശ്ശേരി ഇൻസ്പെക്ടർ എം.ബി. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഏഴാംദിവസം പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.