മര്‍ദിതന്‍െറ മോചനത്തിനായി പുതിയ പാതതെളിക്കണം –മഅ്ദനി

ആലപ്പുഴ: കേരള രാഷ്ട്രീയത്തില്‍ മര്‍ദിതന്‍െറ മോചനത്തിനായി പുതിയ പാത വെട്ടിത്തെളിക്കാന്‍ ആത്മാഭിമാനത്തോടെ തയാറാകണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. കല്‍ത്തുറുങ്കിലായാലും കാരാഗൃഹത്തിന് തുല്യമായ ആശുപത്രി ക്കിടക്കയിലായാലും അടിമതുല്യമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട മുഴുവന്‍ മനുഷ്യരുടെയും വിമോചനപോരാട്ട പാതയില്‍ അന്ത്യശ്വാസംവരെ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പി.ഡി.പി സംസ്ഥാന സമ്മേളനത്തിന് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഇ. അബ്ദുല്ലയാണ് മഅ്ദനിയുടെ സന്ദേശം വായിച്ചത്.
ആയിരത്താണ്ട് കാലമായി അധികാരത്തില്‍നിന്നും ഉദ്യോഗങ്ങളില്‍നിന്നും അകറ്റിനിര്‍ത്തപ്പെടുകയും മനുഷ്യനായി ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയും ചെയ്തവരാണ് അടിസ്ഥാന ജനവിഭാഗങ്ങള്‍. മഹാനായ അംബേദ്കര്‍ രൂപപ്പെടുത്തിയ സംവരണം എന്ന ആശയത്തെ തകര്‍ക്കാനുള്ള ജാതിമേധാവികളുടെയും ഫാഷിസ്റ്റ് ദുശ്ശക്തികളുടെയും ആസൂത്രിത നീക്കങ്ങള്‍ ഇന്ന് വളരെ ശക്തിപ്രാപിച്ചിരിക്കുകയാണ്. ആ സമയത്താണ് സംവരണം ഒൗദാര്യമല്ല അവകാശമാണ് എന്ന പ്രമേയത്തില്‍ പി.ഡി.പിയുടെ സമ്മേളനം. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.
ഒരു പതിറ്റാണ്ടോളം നീണ്ട കാരാഗൃഹത്തിനുശേഷം വിചാരണ കോടതിയിലൂടെയും പിന്നീട് ഹൈകോടതിയിലൂടെയും സമ്പൂര്‍ണ നിരപരാധിത്വം വ്യക്തമാക്കി കേരളസമൂഹത്തില്‍ എത്തുകയും സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടുകയും ചെയ്ത തനിക്ക് ഭരണകൂടഭീകരത തീര്‍ത്ത രണ്ടാം കുരുക്ക് പഴയതിനെക്കാള്‍ സങ്കീര്‍ണമാണ്. നാലുമാസംകൊണ്ട് വിചാരണ തീര്‍ക്കാമെന്ന് പ്രോസിക്യൂഷന്‍തന്നെ പരമോന്നത നീതിപീഠത്തിന് ഉറപ്പുനല്‍കിയിട്ട് ഇപ്പോള്‍ 16 മാസം പിന്നിടുന്നു. ഇടക്കിടെ കോടതികള്‍ മാറ്റിയും പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചുമൊക്കെ നീതിനിഷേധത്തിന്‍െറ കേട്ടുകേഴ്വിയില്ലാത്ത പുതിയ അധ്യായങ്ങള്‍ കര്‍ണാടക പ്രോസിക്യൂഷന്‍ തുറന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതിയുടെ ഒരു വാതില്‍ തുറക്കുമ്പോള്‍ ഒമ്പത് വാതിലുകള്‍ കൊട്ടിയടക്കുന്ന ഭരണകൂടഭീകരത തനിക്ക് സമ്മാനിക്കുന്ന വിധി എന്തായാലും അത് സ്വീകരിക്കാന്‍ ദൈവാനുഗ്രഹത്താല്‍ തന്‍െറ മനസ്സ് പാകപ്പെട്ടുകഴിഞ്ഞു. മതേതരത്വത്തിന്‍െറയും രാജ്യസ്നേഹത്തിന്‍െറയുമൊക്കെ ഒൗദ്യോഗിക സര്‍ട്ടിഫിക്കറ്റുകളില്‍ കൈയൊപ്പിട്ടുകൊടുക്കുന്ന ചില രാഷ്ട്രീയ അധികാരികള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കാന്‍ മനസ്സില്ളെന്ന് പ്രഖ്യാപിച്ച് മുന്നേറാന്‍ കഴിയണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.


സംഘശക്തി തെളിയിച്ച് ആലപ്പുഴയില്‍ പി.ഡി.പി യുടെ ഉജ്ജ്വല റാലി
ആലപ്പുഴ: സംഘടനയുടെ അജയ്യമായ കരുത്തും അച്ചടക്കവും വിളിച്ചറിയിച്ച് ആലപ്പുഴയില്‍ പി.ഡി.പി യുടെ ഉജ്ജ്വല റാലി. സംസ്്ഥാന സമ്മേളനത്തിന്‍െറ സമാപനം കുറിച്ച് നടന്ന കൂറ്റന്‍ റാലിയില്‍ യൂനിഫോം ധരിച്ച വളന്‍റിയര്‍മാരും, സ്ത്രീകളും അടക്കം പതിനായിരങ്ങളാണ് ആവേശകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ചിട്ടയായി അണിനിരന്നത്. കളര്‍കോട് എസ്.ഡി. കോളജ് ജങ്ഷനില്‍നിന്ന് ആരംഭിച്ച റാലിക്ക്  സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍, സീനിയര്‍ ജനറല്‍ സെക്രട്ടറി കെ.ഇ. അബ്ദുല്ല, ജനറല്‍ കണ്‍വീനര്‍ വര്‍ക്കല രാജ്, കേന്ദ്ര കമ്മിറ്റിയംഗം ടി.എ. മുജീബ് റഹ്മാന്‍ എറണാകുളം, സുബൈര്‍ സബാഹി, മൈലക്കാട് ഷാ, ഹബീബ് റഹ്മാന്‍ പന്തളം, റസാഖ് മണ്ണടി, എസ്.എം. ബഷീര്‍, ജില്ലാ സെക്രട്ടറി അന്‍സാരി  ആലപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ ഘോഷയാത്രക്ക് കൊഴുപ്പേകി. പി.ഡി.പിയുടെ വളന്‍റിയര്‍ സംഘമായ പീപ്പിള്‍സ് മൈറ്റി ഗാര്‍ഡ് റാലിക്ക് മുന്നിലായി നീങ്ങി. കറുപ്പ് യൂനിഫോമും കാക്കി യൂനിഫോമും ധരിച്ച വളന്‍റിയര്‍മാരുടെ റൂട്ട്മാര്‍ച്ച് സംഘടനയുടെ കരുത്തും അച്ചടക്കവും വിളിച്ചറിയിക്കുന്നതായിരുന്നു. സാമ്രാജ്യത്വ-ഫാഷിസ്റ്റ് ഭീഷണിക്കും, ഭരണകൂട ഭീകരതക്കും, മനുഷ്യാവകാശ ലംഘനത്തിനുമെതിരായ മുദ്രാവാക്യങ്ങളും മുഴക്കിയാണ് പ്രവര്‍ത്തകര്‍ നീങ്ങിയത്. സംഘടന പുതുശക്തിയാര്‍ജിച്ചതിന്‍െറ വിളംബരം കൂടിയായിരുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത റാലി. ജനറല്‍ ആശുപത്രി ജങ്ഷന്‍, ഇരുമ്പുപാലം, സീറോ ജങ്ഷന്‍, എ.വി.ജെ, മുല്ലക്കല്‍ വഴി റാലി നഗരചത്വരത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമാപനസമ്മേളനം ആരംഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.