ഒരു വിഷയത്തില്‍ തോറ്റാല്‍ എല്ലാ പരീക്ഷയും എഴുതണമെന്ന വ്യവസ്ഥ നിലനില്‍ക്കില്ളെന്ന് ഹൈകോടതി

കൊച്ചി: ഒരു തിയറി പരീക്ഷയിലോ പ്രായോഗിക പരീക്ഷയിലോ തോല്‍ക്കുന്ന വിദ്യാര്‍ഥി ജയിച്ച വിഷയങ്ങളുള്‍പ്പെടെ എല്ലാ പരീക്ഷയും വീണ്ടും എഴുതണമെന്ന വ്യവസ്ഥ നിലനില്‍ക്കില്ളെന്ന് ഹൈകോടതി. ഇത് തുല്യനീതിയുടെ നിഷേധമാണ്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തലല്ല, അവര്‍ക്കെതിരായ പീഡനമാണിതെന്നും ജസ്റ്റിസ് വി. ചിദംബരേഷ് നിരീക്ഷിച്ചു.  
മെഡിക്കല്‍ പി.ജി കോഴ്സുകളില്‍ പരീക്ഷ പാസാകാന്‍ രാജ്യവ്യാപകമായി ഏകീകൃത മാനദണ്ഡം നിര്‍ദേശിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തയാറാകണമെന്നും കോടതി ഉത്തരവിട്ടു. കേരള ആരോഗ്യസര്‍വകലാശാലയുടെ ചട്ടം മെഡിക്കല്‍ കൗണ്‍സില്‍ ചട്ടത്തിന് വിരുദ്ധമാണെന്ന് ആരോപിക്കുന്ന ഒരു കൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ന്ന് ശരാശരി 50 ശതമാനം മാര്‍ക്ക് നേടണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനക്ക് വിരുദ്ധമായി ഓരോവിഷയത്തിനും 40 ശതമാനം മാര്‍ക്ക്  വേണമെന്ന ആരോഗ്യ സര്‍വകലാശാലയുടെ വ്യവസ്ഥയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. ഓരോ വിഷയത്തിനും നിശ്ചിത ശതമാനം മാര്‍ക്ക് വേണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടില്ല. ആരോഗ്യ സര്‍വകലാശാലയുടെ സ്റ്റാറ്റ്യൂട്ട് നിലവില്‍ വരുന്നത് 2013 ഏപ്രില്‍ 29നാണ്. റെഗുലേഷനാകട്ടെ 2010ലും. അതേസമയം, റെഗുലേഷന്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ സാധൂകരിക്കപ്പെടാത്തതിനാല്‍ നിലവില്‍ വന്നുവെന്ന് പറയാനാവില്ല. അത് അപൂര്‍ണവും നിയമ സാധുതയില്ലാത്തതുമാണ്. എങ്കിലും റെഗുലേഷന്‍ അടിസ്ഥാനത്തില്‍ ബിരുദം നേടിയവരുടെ കാര്യത്തില്‍ അവര്‍ കക്ഷിയല്ളെന്ന കാര്യം കണക്കിലെടുത്ത് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നില്ളെന്നും കോടതി വ്യക്തമാക്കി. ഒരു വിഷയത്തിന് തോറ്റതിന്‍െറ പേരില്‍ മറ്റെല്ലാ പരീക്ഷയും വീണ്ടും എഴുതാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു വിദ്യാര്‍ഥിയുടെ മാനസികാവസ്ഥ ചിന്തിക്കാന്‍ പോലും കഴിയുന്നതിനപ്പുറമാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല പരീക്ഷ നടത്തിപ്പിന്‍െറ കാര്യത്തില്‍ സ്വീകരിച്ച വ്യവസ്ഥ യുക്തിപരമല്ലാത്തതും ഏകപക്ഷീയവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏകീകൃത മാനദണ്ഡം നിര്‍ദേശിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ഉത്തരവിടുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.