തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിച്ചില്ല; സൗജന്യ അരി വിതരണം മുടങ്ങി

കോഴിക്കോട്: തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിക്കാത്തതിനത്തെുടര്‍ന്ന്, സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം മുടങ്ങി. എല്ലാ ജില്ലകളിലേക്കും ആവശ്യത്തിനുള്ള അരി ഗോഡൗണുകളില്‍ എത്തിച്ചുകഴിഞ്ഞശേഷമാണിത്.ഏപ്രില്‍ ഒന്നു മുതലാണ് അരിവിതരണം തുടങ്ങേണ്ടിയിരുന്നത്.
എ.എ.വൈ. കാര്‍ഡുടമകള്‍ക്ക് 35 കിലോ അരിയും ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോയുമാണ് സൗജന്യമായി ലഭിക്കുക. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി മുടങ്ങിയ അവസ്ഥയാണ്. ഇതിനിടെ, 2014ല്‍ തുടങ്ങിയ റേഷന്‍ കാര്‍ഡ് പുതുക്കലും പൂര്‍ത്തിയാക്കിയില്ല. കുടിശ്ശികയായ തുക സര്‍ക്കാര്‍ നല്‍കാന്‍ തയാറാകാത്തതിനത്തെുടര്‍ന്ന് സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ സാധിക്കില്ളെന്ന് വ്യാപാരികളും അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ 42,616 എ.എ.വൈ കാര്‍ഡുടമകളും 1,30,962 ബി.പി.എല്‍ കാര്‍ഡുടമകളുമുണ്ട്. നിലവിലെ കാര്‍ഡുകള്‍ പുതുക്കി നല്‍കിയ ശേഷമേ പുതിയ കാര്‍ഡുകള്‍ അനുവദിക്കാന്‍ സാധിക്കൂ. അതിനാല്‍, പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും സാധിച്ചിട്ടില്ല. ഇതോടെ, സൗജന്യ അരി ലഭിക്കുന്നതിന് അര്‍ഹരായ പലരും കാര്‍ഡില്ലാത്തതിനാല്‍ പദ്ധതിക്ക് പുറത്താണ്.
2014 ജൂണിലാണ് കാര്‍ഡ് പുതുക്കല്‍ നടപടികള്‍ ആരംഭിച്ചത്. പുതുക്കുന്നതിനുള്ള ജോലികള്‍ ഏല്‍പിച്ചത് സി-ഡിറ്റിനെയായിരുന്നു.
കൃത്യമായ പരിശോധന നടത്താതെയാണ് പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ വാങ്ങിവെച്ചത്. തുടര്‍ന്ന് 2015 മേയില്‍ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍  രേഖപ്പെടുത്താന്‍ ആരംഭിച്ചപ്പോഴാണ് അപേക്ഷ ഫോറങ്ങളില്‍ കടന്നുകൂടിയ വ്യാപക തെറ്റുകള്‍ മനസ്സിലായത്.  തുടര്‍ന്ന്, തിരുത്തുന്നതിന് അവസരം നല്‍കുകയായിരുന്നു. ഇങ്ങനെ തിരുത്തിയ ഫോറങ്ങളും അപൂര്‍ണവും തെറ്റോടുകൂടിയതുമായിരുന്നു. പിന്നീട് ലഭ്യമായ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍  ഉള്‍പ്പെടുത്തി. അതിനാല്‍, പുറത്തിറങ്ങാന്‍ പോകുന്ന റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുണ്ടാകുമെന്ന് വിവരങ്ങള്‍ രേഖപ്പെടുത്തിയ അക്ഷയ കേന്ദ്രം പ്രവര്‍ത്തകര്‍ പറഞ്ഞു. ഇപ്പോഴുള്ള റേഷന്‍ കാര്‍ഡുകളുടെ കാലാവധി 2012ല്‍ അവസാനിച്ചതാണ്. 2012 നു ശേഷം  പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടില്ല.
പുതുക്കിയ കാര്‍ഡുകളുടെ വിതരണത്തിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് വിതരണം ചെയ്യാന്‍ കഴിയാത്തതെന്നും ജില്ലാ പൊതുവിതരണ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു.
അരി വിതരണം നടത്താനാവശ്യമായ അനുമതി ലഭിക്കുന്നതിന് പൊതുവിതരണ വിഭാഗം ഹൈകോടതിയെ സമീപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.