‘മനസ്സിന് ഏറ്റവുമധികം സമാധാനം ലഭിക്കുന്ന ദിവസം’; കർശന നടപടി മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നുവെന്ന് ഹണി റോസ്

കോഴിക്കോട്: ബോബി ചെമ്മണൂരിനെതിരായ പരാതിയിൽ സത്വര നടപടി സ്വീകരിച്ചതിന് നിയമസംവിധാനങ്ങളോട് നന്ദി പറഞ്ഞ് നടി ഹണി റോസ്. ഏതാനും വർഷങ്ങളായി വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. ബോബി ചെമ്മണൂരിന്റെ ഭാഗത്തുനിന്ന് അധിക്ഷേപകരമായ പരാമർശങ്ങൾ പലതവണ ഉണ്ടായി. തുടർച്ചയായി ആക്രമിക്കപ്പെട്ടതോടെ പ്രതികരിക്കേണ്ടിവന്നു. ഇതിനൊരു അവസാനം വേണമെന്ന തീരുമാനത്തിന് എല്ലാവരും പിന്തുണ നൽകി. കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നുവെന്നും ഹണി പറഞ്ഞു. ബോബി ചെമ്മണൂരിനെ വയനാട്ടിൽനിന്ന് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു പ്രതികരണം.

“മനസ്സിന് ഏറ്റവുമധികം സമാധാനം ലഭിക്കുന്ന ദിവസമാണിന്ന്. അത്ര വലിയ ബുദ്ധിമുട്ടാണ് ഏതാനും വർഷങ്ങളായി അനുഭവിച്ചത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ ആയും കമന്റുകളായും മെസേജുകളായും അധിക്ഷേപിക്കപ്പെട്ടിരുന്നു. ബോബി ചെമ്മണൂരിന്റെ ഭാഗത്തുനിന്ന് അധിക്ഷേപകരമായ പരാമർശങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. തുടർച്ചയായി ആക്രമിക്കപ്പെട്ടതോടെ പ്രതികരിക്കേണ്ടിവന്നു. ഇതിനൊരു അവസാനം വേണമെന്ന തീരുമാനത്തിന് എന്നെ സ്നേഹിക്കുന്ന എല്ലാവരും പിന്തുണ നൽകി. കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നൽകിയിരുന്നു.

ഒരു പ്രശ്നം ഞാനായിട്ട് സൃഷ്ടിക്കേണ്ടെന്ന് കരുതി പലപ്പോഴും കേസ് കൊടുക്കാതെ പിന്മാറുകയായിരുന്നു. പ്രതികരിച്ചില്ലെങ്കിൽ അധിക്ഷേപ പരാമർശങ്ങൾ അംഗീകരിക്കുന്നു എന്ന തരത്തിൽ വ്യാഖ്യാനം വരുമെന്ന സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്” -ഹണി റോസ് പറഞ്ഞു. പ്രത്യേക അന്വേഷണസംഘം വയനാട്ടിലെ റിസോർട്ടിൽനിന്നാണ് ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിക്കാൻ സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. സംഘത്തിൽ സൈബർ സെൽ അംഗങ്ങളുമുണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.

സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ഹണി റോസ് നൽകിയ പരാതിയിൽ ലൈംഗികച്ചുവയോടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഭാരതീയ ന്യായസംഹിത 75 (4) പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഐ.ടി നിയമം 67 പ്രകാരവുമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. ആഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോട് ബോബി ചെമ്മണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനുശേഷം പല വേദികളിലും നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറയുന്നുണ്ട്. കൂടാതെ, നടിയുടെ ചിത്രം മോശമായ രീതിയിൽ തമ്പ്നെയ്ൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Honey Rose Response on Bobby Chemmanur Arrest on Her Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.