തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വഞ്ചിപ്പാട്ടു മത്സരത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ കിരാതം വഞ്ചിപ്പാട്ടാണ് കുട്ടികള്‍ അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിനു മുന്നിലാണ് വഞ്ചിപ്പാട്ട് മത്സരം അരങ്ങേറിയത്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്ററായ വി. ഉണ്ണികൃഷ്ണന്‍ ആണ് കുട്ടികളെ വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് കുട്ടികള്‍ക്ക് അദ്ദേഹം വഞ്ചിപ്പാട്ട് പഠിപ്പിച്ചു തുടങ്ങിയത്.
ശ്രീനന്ദന, ആര്‍ദ്ര, വിസ്മയ, അനാമിക, സല്‍ന, ലക്ഷ്മി, നസിയ, സന്ധ്രാ, വിഷ്ണുമായ, അര്‍ച്ചന എന്നിവരാണ് ടീം അംഗങ്ങള്‍. വെള്ളാര്‍മല സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച നാല് കുട്ടികൾ ടീമിലുണ്ട്. ഇ.എസ്. സ്മിത, ശ്യാംജിത്ത് എന്നീ അധ്യാപകരാണ് കുട്ടികള്‍ക്കൊപ്പം വന്നത്.
സ്‌കൂളിനെയും വയനാട് ജില്ലയെയും പ്രതിനിധീകരിച്ച് കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് കുട്ടികൾ പറഞ്ഞു. ദുരന്തബാധിത മേഖലകളിലെ കൗണ്‍സലിങ് സെഷനുകള്‍ ഏറെ സഹായകമായെന്നും കുട്ടികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.