എം.ബി.എ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗള്‍ഫ് വ്യവസായിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കും

കൊച്ചി: മോചനദ്രവ്യം ആവശ്യപ്പെട്ട് എം.ബി.എ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗള്‍ഫിലെ വ്യവസായിക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കുമെന്ന് പൊലീസ്. കേസില്‍ ഒന്നാം പ്രതിയായ ബഹ്റൈന്‍ ആസ്ഥാനമായുള്ള ആശുപത്രി ഗ്രൂപ് മേധാവി മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി മുഹമ്മദ് റബിയുല്ലക്കെതിരെയാണ് പാസ്പോര്‍ട്ട് പിടിച്ചെടുക്കല്‍ അടക്കമുള്ള നടപടികളാവശ്യപ്പെട്ട് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് എംബസിയെ സമീപിച്ചത്.
പ്രതി രക്ഷപ്പെടുന്നത് തടയാന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പതിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇന്‍ഫോപാര്‍ക്ക് സി.ഐ സാജന്‍ സേവ്യര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
രാജഗിരി കോളജിലെ രണ്ടാം സെമസ്റ്റര്‍ എം.ബി.എ വിദ്യാര്‍ഥി മലപ്പുറം ഫായിദ ഹൗസില്‍ പി.എ. മുഹമ്മദിന്‍െറ മകന്‍ ഫിറാസത്ത് മുഹമ്മദിനെയാണ് കഴിഞ്ഞ മാര്‍ച്ച് 23ന് തട്ടിക്കൊണ്ടുപോയത്. ഗള്‍ഫിലെ വ്യവസായികളായ മുഹമ്മദ് റബിയുല്ലയും ഫിറാസത്തിന്‍െറ പിതാവും തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നതിന് തെളിവ് ലഭിച്ചതോടെയാണ് റബിയുല്ലയെ കേസില്‍ ഒന്നാം പ്രതിയാക്കിയത്.
മാര്‍ച്ച് 23ന് രാവിലെ കാക്കനാട് ചിറ്റത്തേുകരയിലെ ഹോസ്റ്റലില്‍നിന്നും വിളിച്ചിറക്കി ഫിറാസത്തിനെ ക്വട്ടേഷന്‍ സംഘം കാറില്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
ഫിറാസത്തിന്‍െറ സുഹൃത്തിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച പൊലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവദിവസം വൈകീട്ടുതന്നെ വിദ്യാര്‍ഥി പൊള്ളാച്ചിയിലുണ്ടെന്ന് കണ്ടത്തെിയിരുന്നു. മോചനദ്രവ്യമായി 16 കോടി രൂപ ആവശ്യപ്പെട്ട സംഘത്തിന് ആദ്യ ഗഡുവായ മൂന്നു കോടി രൂപ 24 മണിക്കൂറിനുള്ളില്‍ നല്‍കാമെന്ന് ഗള്‍ഫിലായിരുന്ന ഫിറാസത്തിന്‍െറ പിതാവ് അറിയിച്ചിരുന്നു. ഫിറാസത്തിനെ പൊള്ളാച്ചിയിലിറക്കിവിട്ട് ക്വട്ടേഷന്‍ സംഘം കടന്നുവെങ്കിലും വിദ്യാര്‍ഥിയെ കണ്ടത്തെി പൊലീസ് തിരികെയത്തെിച്ചു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്‍െറ വിവരങ്ങള്‍ അന്വേഷിച്ച പൊലീസ് കഴിഞ്ഞദിവസമാണ് പ്രതികളില്‍ അഞ്ചുപേരെ പിടികൂടിയത്.
സംഘത്തിലെ പ്രധാനികളായ അഫ്സല്‍, ലത്തീഫ്, മുഫാസ് എന്നിവരെക്കൂടി പിടികൂടാനുള്ള ഉര്‍ജിത അന്വേഷണത്തിലാണ് പൊലീസ്. പിടിയിലായ നാട്ടിക വാടാനപ്പള്ളി പടിയത്ത് ബിന്‍ഷാദ് (27), തൃശൂര്‍ എടയ്ക്കര പുന്നയൂര്‍ താഴത്തയില്‍ ഉമര്‍ ഫാറൂഖ് അലി (26), ഒറ്റപ്പാലം തൃക്കൊട്ടിയേരി കരീക്കാട്ട് വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (32), ചാവക്കാട് വടക്കേക്കാട്ട് എടക്കാട്ട് വീട്ടില്‍ ബഗീഷ് (24), ഒറ്റപ്പാലം മച്ചിങ്ങാത്തൊടിയില്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (35) എന്നിവരെ ശനിയാഴ്ചതന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.