ഉമ്മൻചാണ്ടിയുടെ നിലപാടിന് പച്ചക്കൊടി; കളങ്കിതർ മത്സരിക്കും

ന്യൂഡൽഹി: കളങ്കിതരായ മന്ത്രിമാർക്ക് സീറ്റ് നൽകരുതെന്ന വി.എം സുധീരന്‍റെ ആവശ്യം തള്ളിയ കോൺഗ്രസ് ഹൈക്കമാൻഡ് ഉമ്മൻചാണ്ടിയുടെ നിലപാടിന് പച്ചക്കൊടി വീശി. മന്ത്രിമാരായ കെ.സി ജോസഫ്, കെ. ബാബു, അടൂർ പ്രകാശ് എന്നിവരെ കൂടാതെ ഡൊമിനിക് പ്രസന്‍റേഷനും ബെന്നി ബെഹനാനും കോൺഗ്രസ് ഹൈക്കമാൻഡ് സീറ്റ് നൽകിയതായി റിപ്പോർട്ട്.

39 സിറ്റിങ് എം.എൽ.എമാരിൽ 34 പേർ മത്സരിക്കും. മന്ത്രിമാരായ സി.എൻ ബാലകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, എം.എൽ.എമാരായ തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ പ്രതാപൻ, പി.എ മാധവൻ എന്നിവരാണ് മത്സരിക്കുന്നില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചത്.

സുധീരന്‍റെ ആവശ്യം സാധൂകരിക്കുന്നതിനായി ഒരു മന്ത്രിയെ എങ്കിലും മാറ്റിനിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചെങ്കിലും ഉമ്മൻചാണ്ടി തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ആരോപണ വിധേയരെ മാറ്റി നിർത്താനാണ് പാർട്ടി തീരുമാനമെങ്കിൽ ആദ്യം മാറി നിൽക്കേണ്ടത് താനാണെന്ന് ഉമ്മൻചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അറിയിച്ചത്.

ഉമ്മൻചാണ്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനോട് കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാൽ വഴങ്ങുകയായിരുന്നു. എ വിഭാഗം മുതിർന്ന നേതാക്കൾ മാറിനിൽക്കുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഹൈക്കമാൻഡ് വിലയിരുത്തലും ഉമ്മൻചാണ്ടിക്ക് അനുകൂലമായി.

അതേസമയം, തന്‍റെ ഭീഷണിക്ക് ഹൈക്കമാൻഡ് വഴങ്ങിയെന്ന ആരോപണം നിഷേധിച്ച ഉമ്മൻചാണ്ടി വാർത്ത പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി. സമ്മർദത്തിന് വഴങ്ങിയല്ല ഹൈക്കമാൻഡ് തീരുമാനം എടുക്കാറുള്ളതെന്നും ഉമ്മൻചാണ്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.