കൊച്ചി: സിനിമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമീഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിനിമ നിർമാതാവായ എറണാകുളം സ്വദേശി സജിമോൻ പാറയിൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.എം. മനോജ് ഒരാഴ്ചത്തേക്ക് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാറിനടക്കം നോട്ടീസിന് നിർദേശിച്ച കോടതി, ജൂലൈ 31ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി. വിവരാവകാശ കമീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ബുധനാഴ്ച വൈകീട്ട് ഭാഗികമായി പുറത്തുവിടാനിരിക്കെയാണ് ഹൈകോടതിയുടെ ഇടപെടൽ. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമീഷൻ നൽകിയ ഉറപ്പിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
‘വുമൺ ഇൻ സിനിമ കലക്ടിവി’ന്റെ ആവശ്യപ്രകാരമാണ് 2017ൽ സർക്കാർ ഹേമ കമീഷനെ നിയോഗിച്ചത്. 2019ൽ റിപ്പോർട്ട് കൈമാറി. എന്നാൽ, ഇത് പുറത്തുവിടാതിരുന്നതിനെത്തുടർന്ന് മാധ്യമപ്രവർത്തകരടക്കം നൽകിയ അപേക്ഷയിലാണ് സ്വകാര്യത ഭംഗിക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോർട്ട് നൽകാൻ വിവരാവകാശ കമീഷൻ ഉത്തരവിട്ടത്.
മറച്ചുവെച്ച് നൽകിയാലും മൊഴി നൽകിയവരെ തിരിച്ചറിയാൻ സാധ്യതയുണ്ടെന്നാണ് ഹരജിയിലെ വാദം. ഇത് അവർക്കുനേരെ വീണ്ടും ഉപദ്രവം ഉണ്ടാകാനിടയാക്കും. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് സർക്കാറിനെ അറിയിച്ചതായും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഹരജിക്കാരൻ മറ്റാർക്കോ വേണ്ടിയാണ് സംസാരിക്കുന്നതെന്നായിരുന്നു വിവരാവകാശ കമീഷന്റെ വാദം. മൊഴി നൽകിയവർ റിപ്പോർട്ട് പുറത്തുവിടുന്നതിനെ എതിർത്തിട്ടില്ല. അവർക്ക് സ്വകാര്യത ലംഘനമെന്ന ആശങ്കയില്ല. ഹരജിക്കാരൻ കമീഷൻ അന്വേഷണത്തിന്റെ ഭാഗമായിരുന്നില്ല. റിപ്പോർട്ട് പുറത്തുവരുന്നത് ഹരജിക്കാരനെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. അതിനാൽ ഹരജി നിലനിൽക്കുന്നതല്ലെന്ന് സർക്കാറും വാദിച്ചു. എന്നാൽ, നോട്ടീസ് ഉത്തരവ് പുറപ്പെടുവിച്ച കോടതി റിപ്പോർട്ട് പുറത്തുവിടുന്നത് തടയുകയായിരുന്നു.
ഹരജി ചൊവ്വാഴ്ച ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്ക് വന്നിരുന്നു. എന്നാൽ, പൊതുതാൽപര്യ ഹരജിയായി പരിഗണിക്കാനാകില്ലെന്ന് രജിസ്ട്രി ചൂണ്ടിക്കാട്ടി. വിഷയം തന്നെയും ബാധിക്കുന്നതാണെന്ന് ഹരജിക്കാരൻ വ്യക്തമാക്കിയതിനെത്തുടർന്നാണ് ബുധനാഴ്ച സിംഗിൾ ബെഞ്ചിന്റെ പരിഗണനക്ക് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.