വെറ്ററിനറി സര്‍വകലാശാലാ വി.സി നിയമനം: ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചു

തിരുവനന്തപുരം: വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സര്‍ക്കാറിന്‍െറ ശിപാര്‍ശയടങ്ങിയ ഫയല്‍ ഗവര്‍ണര്‍ പി. സദാശിവം തിരിച്ചയച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യക്തിയുടെ യോഗ്യത സംബന്ധിച്ച നിര്‍ണായകവിവരം മറച്ചുവെച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ വിശദീകരണവും ഗവര്‍ണര്‍ തേടി.
 ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ കണ്‍വീനറും കാര്‍ഷികോല്‍പാദന കമീഷണര്‍ സുബ്രതോ ബിശ്വാസ്, ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്‍റ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് 50 അപേക്ഷകരില്‍നിന്ന് മൂന്നുപേരെ നിര്‍ദേശിച്ചത്. ഡോ.പി. ബാലകൃഷ്ണന്‍, ഡോ.ഇ. നാണു, ഡോ.പി. പ്രഭാകരന്‍ എന്നിരെയാണ് വി.സി നിയമനത്തിനുള്ള പാനലില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഗവര്‍ണര്‍ക്ക് നല്‍കിയ ഫയലില്‍ ഇതില്‍ ആര്‍ക്കാണ് മുന്‍ഗണനയെന്ന് വ്യക്തമാക്കിയിരുന്നില്ല.
സര്‍ക്കാറിന്‍െറ അംഗീകാരത്തോടെ വേണം ഗവര്‍ണര്‍ക്ക് വി.സിയെ നിയമിക്കാനെന്നാണ് വെറ്ററിനറി സര്‍വകലാശാലനിയമത്തിലെ വ്യവസ്ഥ. അതിനാല്‍ ബയോഡാറ്റയും രേഖകളും പരിഗണിച്ചപ്പോള്‍ ഡോ.പി. ബാലകൃഷ്ണനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിഗമനത്തില്‍ ഗവര്‍ണര്‍ എത്തി. ഇക്കാര്യം സര്‍ക്കാറിനുള്ള കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷം അല്ളെങ്കില്‍ 70 വയസ്സുവരെയാണ് വി.സിമാരുടെ കാലാവധി. നിയമനം കിട്ടിയാല്‍ ഇനി മൂന്നുവര്‍ഷം അദ്ദേഹത്തിന് പദവിയില്‍തുടരാം. എന്നാല്‍, ഡോ. ബാലകൃഷ്ണന്‍െറ യോഗ്യതയെക്കുറിച്ച് പരാതിയുയര്‍ന്നിരുന്നു. ഗവര്‍ണര്‍ക്ക് നിരവധി ഊമക്കത്തുകള്‍ ലഭിച്ചതായും അറിയുന്നു.
യു.ജി.സി മാനദണ്ഡപ്രകാരം വി.സിയാകാന്‍ 10 വര്‍ഷം പ്രഫസറായിരിക്കണം. ബാലകൃഷ്ണന്‍ പ്രഫസറായി 10 വര്‍ഷത്തെ പരിചയം അവകാശപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഇദ്ദേഹം പ്രഫസറായി നിയമിക്കപ്പെട്ടത് ചോദ്യംചെയ്ത് ഹൈകോടതിയില്‍ കേസുണ്ടായി. തുടര്‍ന്ന് ആദ്യ മൂന്നുവര്‍ഷത്തെ നിയമനം ഹൈകോടതി റദ്ദാക്കി. എന്നാല്‍, ശമ്പളം തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിരുന്നില്ല. ഈ കാലാവധികൂടി ചേര്‍ത്താണ് 10 വര്‍ഷത്തെ പരിചയം അവകാശപ്പെട്ടിരിക്കുന്നതെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി. ഇത് സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ഫയല്‍ മടക്കിയത്.
അതേസമയം, പട്ടികജാതിക്കാരന്‍ കൂടിയായ ഡോ.പി.പി. ബാലകൃഷ്ണന്‍ വി.സി ആവാതിരിക്കാന്‍  നീക്കം നടക്കുന്നതായും ആരോപണമുണ്ട്. സര്‍വകലാശാലയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഡോ. ബാലകൃഷ്ണന്‍ വി.സിയായാല്‍ തങ്ങള്‍ക്ക് ദോഷമാവുമെന്ന് ഭയപ്പെടുന്ന വിഭാഗമാണ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.