സരിത നായരുടെ ആരോപണവും യാഥാർഥ്യവും രണ്ടാണെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത നായരുടെ ആരോപണവും യാഥാർഥ്യവും രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സരിത എഴുതിയെന്ന് പറയുന്ന കത്ത് പലപ്രാവശ്യം ചർച്ച ചെയ്തതാണ്. അന്നൊന്നും തന്‍റെ പേര് ഉയർന്നു വന്നില്ല. സരിതയുടെ ആക്ഷേപം തന്നെ അത്ഭുതപ്പെടുത്തിയെന്നും ആരോപണത്തിനെതിരെ നിയമനടപടി ആലോചിക്കുമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

സരതിയുടെ കത്ത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പേര് അതിലില്ലെന്നും ആർ. ബാലകൃഷ്ണപിള്ള നേരത്തെ പറഞ്ഞിട്ടുണ്ട്. ജ‍യിൽ ഡി.ജി.പിയെ സോളാർ കമീഷൻ വിസ്തരിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പേരില്ലെന്നാണ് പറഞ്ഞത്. ബിജു രാധാകൃഷ്ണൻ ക്രോസ് വിസ്താരം ചെയ്തപ്പോഴും സരിത ഇക്കാര്യം നിഷേധിക്കുകയും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പറഞ്ഞിരുന്നു. 

ഇപ്പോൾ ഇത്തരത്തിൽ ഒരു കത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ സാധ്യതകൾ ഇല്ലാതാക്കാനുള്ള നീക്കമാണിത്. രാഷ്ട്രീയമായി യു.ഡി.എഫിനെ തോൽപിക്കണമെന്ന് ആഗ്രഹിക്കുന്ന വൻ സാമ്പത്തിക ശക്തിക്ക് ഇതുമായി ബന്ധമുണ്ട്. യു.ഡി.എഫ് സർക്കാറിന്‍റെ നടപടി കൊണ്ട് നഷ്ടം വന്ന മദ്യലോബികളും അധികാരത്തിലേറാൻ കഴിയുമെന്ന് കരുതുന്ന പ്രതിപക്ഷവും ഗൂഢാലോചനക്ക് പിന്നിലുണ്ടെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

തൃക്കാക്കരയിൽ ബെന്നി ബഹനാന് പകരം പി.ടി തോമസിനെ കോൺഗ്രസ് ഹൈകമാൻഡ് പരിഗണിക്കുന്നുവെന്ന വാർത്തകളോടും ഉമ്മൻചാണ്ടി പ്രതികരിച്ചു. പി.ടി തോമസിന്‍റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നു. പട്ടിക അന്തിമമായി ഹൈകമാൻഡ് പ്രഖ്യാപിക്കാത്തതിനാൽ പി.ടി തോമസിന്‍റെ പേരില്ലെന്ന് പറയാനാവില്ല. കോൺഗ്രസിന് ഗുണകരമായതും വിജയ സാധ്യതയുമുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിക്കുകയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയല്ല. സുധീരന്‍റെ ആത്മാർഥമായ ഇടപെടലുകൾ പാർട്ടിക്ക് ഗുണം ചെയ്യും. വളരെ സൗഹാർദപരമായ ചർച്ചയാണ് നടന്നത്. നേതാക്കളുടെ നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് നല്ല സ്ഥാനാർഥി പട്ടികയാണ് തയാറാക്കിയത്. കോൺഗ്രസ് ഹൈകമാൻഡാണ് അന്തിമ തീരുമാനം സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി പരിഗണിക്കുന്ന നടൻ ജഗദീഷിനൊപ്പമാണ് ഉമ്മൻചാണ്ടി മാധ്യമങ്ങളെ കണ്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.