സരിതയുടെ കത്തിന് പിന്നില്‍ വന്‍ സാമ്പത്തികശക്തികള്‍ –മുഖ്യമന്ത്രി

തിരുവനന്തപുരം:  തനിക്കെതിരെ ആരോപണങ്ങളുന്നയിച്ചുള്ള സരിത എസ്.നായരുടെ കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തികളാണെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് തോറ്റാല്‍ നേട്ടം കിട്ടുന്ന ഇവര്‍ ദു$ഖിക്കേണ്ടിവരും. ഇക്കാര്യത്തില്‍ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഏറ്റവും കൂടുതല്‍  ആരോപണം കേള്‍ക്കേണ്ടിവന്നയാള്‍ താനാണ്. ആ സ്ഥാനം താന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. ആരോപണവും അതിലെ യാഥാര്‍ഥ്യവുമാണ് ജനം കണക്കിലെടുക്കുക. ആരോപണം ആര്‍ക്കും ഉന്നയിക്കാം. ഈ പറയുന്നതില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കില്‍ ഗുരുതരസ്ഥിതിയാണ്. യു.ഡി.എഫിന് സാധ്യത തെളിയുമ്പോള്‍ ഇല്ലാത്ത ആരോപണങ്ങള്‍ വരുന്നു. അതിന്‍െറ പിന്നില്‍ ഗൂഢാലോചനയുണ്ട്. സരിതയുടെ കത്ത് നേരത്തേ വായിച്ച ആര്‍. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമില്ളെന്നാണ് പറഞ്ഞിരുന്നത്. ജയില്‍ ഡി.ജി.പിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സോളാര്‍ കമീഷനില്‍ ബിജു രാധാകൃഷ്ണന്‍െറ ക്രോസ് വിസ്താരത്തിലും സരിത ഇത് നിഷേധിച്ചിരുന്നു.
അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍, ഓരോ ദിവസവും മാറ്റിമാറ്റി പറയുന്നു. മുഖ്യമന്ത്രി പിതൃതുല്യനെന്ന് നേരത്തേ ഇതേ സരിതയാണ് പറഞ്ഞത്. തന്‍െറ പേരില്‍ സാമ്പത്തികാരോപണം ഉന്നയിച്ചസമയത്ത് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് ലൈംഗിക പ്രശ്നത്തിലാണെന്ന് പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും യു.ഡി.എഫിനായിരുന്നു വിജയം. ഇത്തവണയും അത്തരം ശ്രമം പരാജയപ്പെടും.  ഇതുകൊണ്ടൊന്നും യു.ഡി.എഫിനെ തകര്‍ക്കാന്‍ സാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മറ്റുള്ളവരും മാറിനില്‍ക്കണം –വി.എസ്
ആലുവ: സരിതയുടെ കത്തിലൂടെ  ലൈംഗികാരോപണ വിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും  പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇവര്‍ മാറാന്‍ തയാറായില്ളെങ്കില്‍ ഹൈകമാന്‍ഡ് മാറ്റി നിര്‍ത്തണം. സരിതയുടെ കത്ത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ആലുവയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിനാകെ അപമാനമുണ്ടാക്കിയ ഇവരെ തെരഞ്ഞെടുപ്പിന്‍െറ ഒരു പ്രവര്‍ത്തനത്തിലും പങ്കാളികളാക്കരുത്. ഇക്കൂട്ടരെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ കേരള ജനത തയാറാകണം. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. ഉമ്മന്‍ ചാണ്ടിയെയും മറ്റും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അഴിമതിക്കാര്‍ക്ക് വേണ്ടി എന്തിനാണ് അദ്ദേഹം വീറോടെ വാദിച്ചതെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ഇനിയെന്ത് വരുമെന്ന് നോക്കിയിട്ട് പ്രതികരിക്കാം –പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സരിതയുടെ ആരോപണത്തില്‍ ഇനിയെന്ത് വരുമെന്ന് നോക്കിയിട്ട് പ്രതികരിക്കാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
സരിതയുടെ കത്ത് പുറത്തുവന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുമോ എന്നറിയില്ലല്ളോ എന്നും പിണറായി പറഞ്ഞു.

ധാര്‍മികതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കരുത് –കുമ്മനം
തിരുവനന്തപുരം: പൊതുജീവിതത്തില്‍ ധാര്‍മികതക്കും മാന്യതക്കും അല്‍പമെങ്കിലും സ്ഥാനമുണ്ടെന്ന് കരുതുന്നെങ്കില്‍  ഉമ്മന്‍ ചാണ്ടി ഇത്തവണ മത്സരിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിക്കെതിരെയും ഇതുവരെ ഉണ്ടാകാത്ത ആരോപണങ്ങളാണ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഉണ്ടായത്. തന്നെ അപമാനിച്ചെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തിയാല്‍ അതിന്‍െറ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് നിയമം. കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് സരിതതന്നെ സമ്മതിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.