ഏഷ്യാനെറ്റിനും കൈരളിക്കും സരിതക്കും എതിരെ മുഖ്യമന്ത്രിയുടെ മാനനഷ്ടകേസ്

കൊച്ചി: സോളാർ കേസ് പ്രതി സരിതാ എസ്.നായർക്കും നാല് മുതിർന്ന മാധ്യമപ്രവർത്തകർക്കുമെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാനനഷ്ടക്കേസ് നൽകി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എറണാകുളം സി.ജെ.എം കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസിൽ ഒന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ ആണ്. ഏഷ്യാനെറ്റ് സീനിയർ ന്യൂസ് എഡിറ്റർ വിനു വി ജോൺ, കൈരളി ചീഫ് ന്യൂസ് എഡിറ്റർ മനോജ് വർമ്മ, സീനിയർ ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രൻ എന്നിവരാണ് കേസിൽ ഒന്നുമുതൽ നാലുവരെ പ്രതികൾ. സരിതാ എസ്.നായർ അഞ്ചാം പ്രതിയാണ്. ഹരജിയിൽ കോടതി മെയ് 28ന് വാദം കേൾക്കും. 

മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിക്കുന്ന സരിതയുടെ കത്ത് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഇതാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ടെലിവിഷൻ ചാനലുകളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് സരിത ശ്രമിക്കുന്നതെന്ന് മാനനഷ്ട ഹരജിയിൽ പറയുന്നു. സരിതയുടെ കത്ത് പുറത്തു വിട്ട മാധ്യമങ്ങളും തന്നെ അപകീർത്തി പെടുത്തുന്ന തരത്തിലാണ് പ്രവർത്തിച്ചത്. താൻ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് ആരോപിച്ചതു തന്നെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. മാധ്യമങ്ങളിലൂടെ നിരന്തരം ആരോപണം ഉന്നയിക്കുന്നത് തന്റെ പൊതുജീവിതത്തിൽ കളങ്കമുണ്ടാക്കിയെന്നും മാനസികമായി ഏറെ വിഷമം ഉണ്ടാക്കിയെന്നും ഹരജിയിൽ പറയുന്നു.
 

മുഖ്യമന്ത്രി നൽകിയ ഹരജിയുടെ പൂർണരൂപം
 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.