ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി എം.എ ആന്‍റണിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രിംകോടതി താല്‍കാലികമായി തടഞ്ഞു. ആന്‍റണി സമര്‍പ്പിച്ച പുനപരിശോധനാ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സ്റ്റേ അനുവദിച്ചത്. കേസില്‍ സി.ബി.ഐക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. കേസ് മെയ് രണ്ടിന് വീണ്ടും പരിഗണിക്കും.
ആന്‍റണിയുടെ വധശിക്ഷ 2009ല്‍ സുപ്രിംകോടതി ശരിവെച്ചിരുന്നു, പുനപരിശോധനാ ഹരജിയും തള്ളി. എന്നാല്‍ വധശിക്ഷക്കെതിരായ പുനപരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് മുന്‍ ചീഫ്ജസ്റ്റിസ് ആര്‍.എം. ലോധ വിധിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ആന്‍റണി വീണ്ടും കോടതിയെ സമീപിച്ചത്. ഇയാളുടെ ദയാഹരജി രാഷ്ട്രപതി നിരസിച്ചിരുന്നു.
2001 ജനുവരി ആറിന് ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ മേരി, മക്കളായ ജൈസണ്‍, ദിവ്യ, അഗസ്റ്റിന്‍െറ അമ്മ ക്ളാര, സഹോദരി കൊച്ചുറാണി എന്നിവരെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് ആന്‍റണിക്കെതിരായ കേസ്. ദൃക്സാക്ഷികളാരുമില്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വധശിക്ഷ വിധിച്ചതെന്നും ഇക്കാര്യം സുപ്രിംകോടതി പരിഗണിച്ചില്ളെന്നും ആന്‍റണിക്കുവേണ്ടി ഹാജരായ കോളിന്‍ ഗോന്‍സാല്‍വസും മനോജ്. വി. ജോര്‍ജും വാദിച്ചു. കൊള്ളയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാണ് പ്രോസിക്യുഷന്‍ വാദിച്ചിരുന്നത്. എന്നാല്‍ മോഷണമൊന്നും നടന്നിട്ടില്ളെന്ന് പൊലീസ് കണ്ടത്തെിയിരുന്നു. ഭാഷ അറിയാതെയാണ് തമിഴ്നാട്ടിലെ കോടതിയില്‍ പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. മജിസ്ട്രേറ്റ് തമിഴില്‍ പറഞ്ഞ കാര്യങ്ങളൊന്നും ആന്‍റണിക്ക് മനസിലായിരുന്നില്ളെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.