ദുരന്ത കാരണം: അമിട്ടിന്‍െറ ദിശ തെറ്റിയെന്നും കമ്പക്കുറ്റി ചെരിഞ്ഞെന്നും

പരവൂര്‍: പുറ്റിങ്ങല്‍ ദുരന്തത്തിന്‍െറ കാരണങ്ങളെക്കുറിച്ച് അവ്യക്തതയും ദുരൂഹതയും തുടരുന്നു. അമിട്ടുകള്‍ പൊട്ടിച്ചിതറുന്നതിനിടെയുള്ള കാറ്റിന്‍െറ ഗതിയാണോ അമിട്ടുകളുടെ ദിശ തെറ്റിയതാണോ എന്നതില്‍ സംശയം ബാക്കിയാവുകയാണ്. അമിട്ടുകള്‍ പൊട്ടുന്ന സമയത്ത് കാറ്റ് തെക്ക്-പടിഞ്ഞാറ് ദിശയില്‍ ശക്തമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കാറ്റില്‍ തീപ്പൊരിയോ അമിട്ടിന്‍െറ അവശിഷ്ടങ്ങളോ വെടിക്കെട്ട് ശേഖരത്തിലോ കമ്പപ്പുരയിലോ പതിച്ചതാകാമെന്നാണ് ഒരു നിഗമനം. അതേസമയം കമ്പക്കുറ്റികളിലൊന്ന് ചരിഞ്ഞതാകാമെന്നാണ് മറ്റൊരു നിഗമനം. ലംബദിശയില്‍ കുഴിച്ചിടുന്ന ഇവ ചരിഞ്ഞതിലൂടെ ദിശ തെറ്റി വെടിക്കെട്ട് ശേഖരത്തിലോ കമ്പപ്പുരയിലോ പതിച്ചതുമാകാം. കമ്പപ്പുരയില്‍നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്തേക്ക് കൊണ്ടുപോകുന്നതിനിടെ ‘സൂര്യകാന്തി’ എന്ന പേരുള്ള ഒരു അമിട്ട് ലക്ഷ്യം തെറ്റിയതായും തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് കമ്പപ്പുര പൊട്ടിത്തെറിച്ചതെന്നും ദൃക്സാക്ഷികളില്‍ ചിലര്‍ പറയുന്നു.

അതേസമയം സമീപത്തെ  വെടിപ്പുരയില്‍നിന്ന് ഗുണ്ടുമായി വെടിക്കെട്ട് കമ്പപ്പുരയിലേക്ക് എത്തുന്നതിനിടെയാണ് അപായമുണ്ടായതെന്നും പറയപ്പെടുന്നു.  പൊട്ടിച്ച അമിട്ടിന്‍െറ ഭാഗം ഇവിടേക്ക് വീഴുകയായിരുന്നത്രെ.  ഇവരുടെ കൈയിലുള്ള ഗുണ്ടിലേക്കും കമ്പപ്പുരയില്‍ ബാക്കിയുള്ള പടക്കശേഖരത്തിലേക്കും തീ പടരുകയും ഉഗ്ര സ്ഫോടനത്തില്‍ കലാശിക്കുകയായിരുന്നെന്നും പറയപ്പെടുന്നു. അതേസമയം വെടിക്കെട്ട് ശേഖരം കൊണ്ടുവന്ന വാഹനത്തിലേക്ക് തീ പടര്‍ന്നതായും പറയപ്പെടുന്നു. ഈ സമയം കൂടിനിന്നവര്‍ ഇതെല്ലാം വെടിക്കെട്ടിന്‍െറ ഭാഗമാണെന്നാണ് കരുതിയത്.

നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍ മാറിയതോടെയാണ് ജനത്തിന് കാര്യം ബോധ്യപ്പെട്ടത്. ഇതിനിടെ കമ്പത്തറ പൊട്ടിത്തകര്‍ന്ന് കോണ്‍ക്രീറ്റ് പാളികള്‍ നാലുപാടും ചിതറുകയായിരുന്നു. ശനിയാഴ്ച രാത്രി 12നാണ് വെടിക്കെട്ട് ആരംഭിച്ചത്. ക്ഷേത്രത്തിന് ഇരുവശത്തുമുള്ള കോണ്‍ക്രീറ്റ് കമ്പപ്പുരകളില്‍ വടക്കുവശത്തുള്ളതിലാണ് ആദ്യം വെടിക്കെട്ട് നടന്നത്. തുടര്‍ന്നാണ് തെക്കുവശത്തെ കമ്പപ്പുരയില്‍ അമിട്ട് കൊളുത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.