വെടിക്കെട്ട് ശബ്ദതീവ്രത 150 ഡെസിബെലിന് മുകളിലെന്ന് ഐ.എം.എ റിപ്പോര്‍ട്ട്

തൃശൂര്‍: പൂരം വെടിക്കെട്ടില്‍ ശബ്ദ തീവ്രത കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. 90 ഡെസിബെലില്‍ കൂടുതല്‍ ശബ്ത തീവ്രതയുള്ള പടക്കങ്ങള്‍ കേള്‍വിത്തകരാര്‍ ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ട് സമയത്ത് നടത്തിയ ശബ്ദ പഠനത്തിന്‍െറ റിപ്പോര്‍ട്ടും അസോസിയേഷന്‍ തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ പല ആഘോഷങ്ങള്‍ക്കും ഉപയോഗിക്കുന്ന പടക്കങ്ങള്‍ 150 മുതല്‍ 130 വരെ ശബ്ദ തീവ്രതയുള്ളവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് കലക്ടര്‍ക്കും ദേവസ്വം ബോര്‍ഡിനും  കൈമാറുമെന്ന് ഐ.എം.എ തൃശൂര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. എം.ആര്‍. സന്തോഷ് ബാബു പറഞ്ഞു. നടപടിയുണ്ടായില്ളെങ്കില്‍ നിയമപരമായി  മുന്നോട്ടുപോകുമെന്നും ഐ.എം.എ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് വെടിക്കെട്ടിന്‍െറ തീവ്രത സംബന്ധിച്ച് വിശദമായ പഠനമാണ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടത്തിയത്. രണ്ട് സൗണ്ട് ലെവല്‍ മീറ്റര്‍ ഉപയോഗിച്ചായിരുന്നു പഠനം. സാധാരണ നിലയില്‍ 30 മുതല്‍ 60 ഡെസിബെല്‍ വരെയാണ് ചെവിക്ക് അനുവദനീയമായ ശബ്ദ തീവ്രത. അളവ് 90 കടന്നാല്‍ കേള്‍വിയെ ബാധിക്കും. കര്‍ണപുടത്തെയാണ് ശബ്ദ തീവ്രത ബാധിക്കുക. തീവ്രതയേറിയ വെടിക്കെട്ടിന്‍െറ തൊട്ടരികില്‍ നില്‍ക്കുന്നയാള്‍ക്ക് 150 ഡെസിബെല്‍ മുതല്‍ മുകളിലേക്കാണ് ശബ്ദ തീവ്രത അനുഭവപ്പെടുക. ചെറിയ കുട്ടികളെ വെടിക്കെട്ട് സ്ഥലത്തേക്ക് കൊണ്ടുപോകാതിരിക്കുക, ഗര്‍ഭിണികള്‍, പ്രായമേറിയവര്‍ എന്നിവരെ മാറ്റിനിര്‍ത്തണമെന്ന് ഐ.എം.എ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ കേള്‍വിക്കുറവുള്ളവര്‍ വെടിക്കെട്ട് സ്ഥലത്ത് ചെല്ലരുതെന്നും ഐ.എം.എ നിര്‍ദേശിക്കുന്നു. വെടിക്കെട്ടിനുശേഷം തലവേദനയോ മറ്റ് പ്രയാസങ്ങളോ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കണം. ജില്ലാ ആശുപത്രിയില്‍ ഇതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അക്കിക്കാവ് റോയല്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ വിഭാഗവുമായി സഹകരിച്ചായിരുന്നു ഐ.എം.എയുടെ പഠനം. ഐ.എം.എ ജില്ലാ ചെയര്‍മാനും ജില്ലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടറുമായ എം.ആര്‍. സന്തോഷ് ബാബു, റോയല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസി. പ്രഫസര്‍മാരായ കെ. സന്ദീപ്, ടി.എസ്. രാകേഷ് എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പൂരം വെടിക്കെട്ടിനോട് അനുകൂലമായോ പ്രതികൂലമായോ അഭിപ്രായം തങ്ങള്‍ക്കില്ളെന്നും എന്നാല്‍, ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിയാണ് റിപ്പോര്‍ട്ട്  തയാറാക്കിയതെന്നും ഐ.എം.എ വ്യക്തമാക്കി. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.