ആശങ്ക പരിഹരിച്ചില്ലെങ്കില്‍ തൃശൂര്‍പൂരം ചടങ്ങിലൊതുക്കുമെന്ന് ദേവസ്വങ്ങള്‍

തൃശൂര്‍: രാത്രിവെടിക്കെട്ടും ആനയെഴുന്നള്ളിപ്പും സംബന്ധിച്ചുള്ള ഹൈകോടതി വിധി ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിച്ചില്ളെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങുകളിലൊതുക്കുമെന്ന് ദേവസ്വങ്ങള്‍. ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രി  പൂരത്തിന്‍െറ മുഖ്യപങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ ഒറ്റക്കൊറ്റക്കും പിന്നീട്  സംയുക്തമായും  യോഗം ചേര്‍ന്നാണ് ആശങ്കയകറ്റിയില്ളെങ്കില്‍ പൂരം ചടങ്ങാക്കി നടത്താന്‍ തീരുമാനിച്ചത്. വെടിക്കെട്ട് നിയന്ത്രിക്കാനുള്ള വിധിക്കെതിരെ ദേവസ്വം പ്രതിനിധികള്‍ യോഗത്തില്‍ ആഞ്ഞടിച്ചു.  ആളുകള്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലും ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടുത്താനുള്ള നീക്കത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച യോഗം  ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യം  ചര്‍ച്ച ചെയ്തു. വെടിക്കെട്ടില്ളെങ്കില്‍ പൂരം നടത്തേണ്ടെന്ന് യോഗത്തില്‍  ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ്  ആശങ്ക പരിഹരിച്ചില്ളെങ്കില്‍ ചടങ്ങിലൊതുക്കുകയെന്ന തീരുമാനത്തിലേക്കത്തെിയത്.
14ന് പരവൂര്‍ വെടിക്കെട്ടപകടം സംബന്ധിച്ചുള്ള ഹരജിയില്‍ വാദം നടക്കുമ്പോള്‍  ഇക്കാര്യങ്ങളില്‍ കോടതി തന്നെ പരിഹാര നിര്‍ദേശവും വെക്കുമെന്നാണ് ദേവസ്വങ്ങളുടെ പ്രതീക്ഷ. ഹൈകോടതി നടത്തിയ പരാമര്‍ശങ്ങളും ഇതുസംബന്ധിച്ച നിയമജ്ഞരുടെ വിശദീകരണവും  പൂരം നടത്തിപ്പിന് ദോഷകരമാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ആശങ്ക അധികൃതര്‍ തന്നെ പരിഹരിക്കണം. പൂരം ചടങ്ങുകളിലൊതുക്കിയാല്‍ ദേവസ്വങ്ങള്‍ക്ക് ഒരു ആന വീതം മതിയാകും.  കുടമാറ്റം ഉള്‍പ്പെടെയുള്ളവ ഒരാനയില്‍ വീതം നടത്തും.  1948ല്‍ ഗാന്ധിജി മരിച്ച വര്‍ഷത്തിലും, 1963ല്‍ ചൈന യുദ്ധസമയത്തും ഒരാനപ്പുറത്ത് പ്രതീകാത്മകമായിട്ടായിരുന്നു പൂരം നടത്തിയത്.
 കഴിഞ്ഞ ദിവസം പരവൂരിലെ അപകടത്തിന്‍െറ പശ്ചാത്തലത്തിലും, ഹൈകോടതിയില്‍ നിന്നുണ്ടായ ഇടക്കാല ഉത്തരവിന്‍െറ പശ്ചാത്തലത്തിലും ദേവസ്വം പ്രതിനിധികളുടെ യോഗങ്ങള്‍ പല തവണ  ചേര്‍ന്നു. കലക്ടറും കമീഷണറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആര്‍.ഡി.ഒ, എ.ഡി.എം എന്നിവരുള്‍പ്പെടെയുള്ളവരുടെ യോഗങ്ങളും പ്രത്യേകം ചേര്‍ന്നു. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ആഘോഷക്കമ്മിറ്റിയില്‍ പ്രതിനിധികള്‍ ഹൈകോടതി പരാമര്‍ശങ്ങളുടെ സാഹചര്യം പ്രാഥമികമായി ചര്‍ച്ച ചെയ്യുകയും, നിയമ വിദഗ്ധരുടെ അഭിപ്രായം തേടാനും തീരുമാനിച്ചു.
പിന്നീട് നിയമവിദഗ്ധരുടെയും അഭിപ്രായമറിഞ്ഞ ശേഷം ഇരുദേവസ്വങ്ങളുടെയും ഭാരവാഹികള്‍ ഉള്‍ക്കൊള്ളുന്ന മാനേജിങ് ട്രസ്റ്റി യോഗവും നടന്നു. ഇതിലാണ് ആശങ്ക പരിഹരിക്കാനായില്ളെങ്കില്‍ പൂരം ചടങ്ങുകളില്‍ മാത്രമൊതുക്കാനുള്ള തീരുമാനം ഉണ്ടായത്. തിങ്കളാഴ്ച്ച പൂരം വെടിക്കെട്ടു സംബന്ധിച്ച് കലക്ടര്‍ വി.രതീശന്‍െറ  നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ശനസുരക്ഷയോടെ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഇന്നര്‍ ഫുട്പാത്തില്‍ നിന്നും തേക്കിന്‍കാട്ടിലേക്ക് കടക്കാവുന്ന വഴികള്‍ ബാരിക്കേഡ് വെച്ച് പൂര്‍ണമായും അടച്ചുകെട്ടി തുടങ്ങുകയും ചെയ്തു. ചൊവ്വാഴ്ച കമീഷണര്‍ കെ.ജി. സൈമണിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെടിക്കെട്ടുപുരകളും, വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയും സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തുകയും ചെയ്തു. നിയമവിധേയമായെ നടത്താവൂ എന്ന് മുന്നറിയിപ്പ് ദേവസ്വങ്ങള്‍ക്ക് പൊലീസ് നോട്ടീസും നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.