മോദിയുടെയും രാഹുലിന്‍റെയും സന്ദർശനം ജനങ്ങൾക്ക് ആശ്വാസമായി: മുഖ്യമന്ത്രി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പരവൂർ സന്ദർശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മോദിയുടെയും രാഹുലിന്‍റെയും സന്ദർശനം ജനങ്ങൾക്ക് ആശ്വാസമായെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ നേതാക്കളുടെ സന്ദർശനവും ഉപദേശവും കേരളത്തിന് ഗുണം ചെയ്തു. ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ രാവിലെ തന്നെ പൂർത്തിയാക്കിയിരുന്നു. രാവിലെ ആറു മണിക്ക് ശേഷം വിദഗ്ധ ചികിത്സ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ഡി.ജി.പിയുടെ പരാമര്‍ശം വളച്ചൊടിക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വി.വി.ഐ.പി സുരക്ഷയെക്കുറിച്ചാണ് ഡി.ജി.പി പറഞ്ഞതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഉപാധ്യക്ഷനും പരവൂരില്‍ എത്തിയതില്‍ യാതൊരു അപാകതയുമില്ല. തിരക്കിട്ട രക്ഷാപ്രവര്‍ത്തനമാണ് പരവൂരില്‍ പൊലീസ് നടത്തിയത്. എന്നാല്‍, വി.വി.ഐ.പികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ പ്രധാനമന്ത്രിയും കോൺഗ്രസ് ഉപാധ്യക്ഷനും സന്ദർശനം നടത്തുന്നതിനെ എതിർത്തിരുന്നുവെന്ന് ഡി.ജി.പി ടി.പി സെൻകുമാറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.