തിരുവനന്തപുരം: വൈദ്യുത മേഖലയിൽ ‘പമ്പ്ഡ് സ്റ്റോറേജ്’ നയം കൊണ്ടുവരുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം കേരളത്തിന് നിർണായകമാവും. ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കാൻ ജലവൈദ്യുത മേഖലയിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഊർജ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാന പമ്പ്ഡ് സ്റ്റോറേജ് നയത്തിന്റെ കരട് ഊർജ വകുപ്പിന് കീഴിനുള്ള എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) തയാറാക്കിയത് സംസ്ഥാന സർക്കാർ പരിശോധിച്ചുവരുകയാണ്. ഇതിനിടെയാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുമായി ബന്ധപ്പെട്ട നയ രൂപവത്കരണം സംബന്ധിച്ച കേന്ദ്ര ബജറ്റിലെ പരാമർശം.
വൈദ്യുതി അധികമുള്ള സമയങ്ങളിൽ അതുപയോഗിച്ച് വെള്ളം ഉയരത്തിലുള്ള റിസർവോയറിലേക്ക് പമ്പ് ചെയ്ത് സൂക്ഷിച്ച് പീക്ക് സമയങ്ങളിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ കേരളത്തിന് ഏറെ അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. ഇത്തരം പദ്ധതികൾക്കായി ആകെ 3150 മെഗാവാട്ട് ശേഷിയുള്ള ഒമ്പത് സൈറ്റുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം നടപ്പാക്കാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് അടുത്തിടെ സർക്കാർ അനുമതിയും നൽകി. വിവിധ സ്ഥലങ്ങളിൽ ഇതുസംബന്ധിച്ച പഠനപ്രവർത്തനങ്ങൾ ഇ.എം.സിയുടെ നേതൃത്വത്തിലടക്കം പുരോഗമിക്കുകയാണ്. ഇ.എം.സിയിലെ ചെറുകിട ജലവൈദ്യുത പദ്ധതി പ്രമോഷൻ സെൽ വഴി സ്വകാര്യ, സഹകരണ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തം പമ്പ്ഡ് സ്റ്റോറേജ് ജല വൈദ്യുത മേഖലയിലേക്ക് ആകർഷിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്.
അതേസമയം, പുരപ്പുറ സൗരോർജ പദ്ധതി സംബന്ധിച്ച ബജറ്റിലെ പ്രഖ്യാപനം പുനരുപയോഗ ഊർജ ഉൽപാദന മേഖല പ്രതീക്ഷയോടെയാണ് കാണുന്നത്. കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കഴിഞ്ഞ മേയ് 31 വരെ കേരളത്തിൽ സൗരോർജ പ്ലാന്റുകളുടെ ആകെ ശേഷി 1128.38 മെഗാവാട്ടാണ്.
തിരുവനന്തപുരം: ആണവ വൈദ്യുതി ഉല്പാദന മേഖലയില്‍ സ്വകാര്യ മേഖലയുമായി സഹകരിക്കാനുള്ള തീരുമാനം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത് അത്യന്തം ആശങ്കാജനകമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.
ചെലവ് കുറഞ്ഞ വൈദ്യുതി ഉൽപാദനത്തിന് ബജറ്റിൽ പദ്ധതിയില്ല. വൈദ്യുതി ഉൽപാദന മേഖലയിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.