കോടിയേരിയുടെ പ്രസ്താവന പരാജയ ഭീതിമൂലം -ഉമ്മൻചാണ്ടി

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ പ്രസ്താവന പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി.ജെ.പിയുമായി സന്ധി ചെയ്യാത്ത ഏക ദേശീയപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മതേതര മുന്നേറ്റത്തിന് കോണ്‍ഗ്രസിനെ പ്രതീക്ഷയോടെയാണ് വോട്ടര്‍മാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ വിഷയത്തില്‍ തനിക്കെതിരെ നട്ടാല്‍ കിളിര്‍ക്കാത്ത നുണയാണ് പ്രചരിപ്പിച്ചത്. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം. ഇടതുപക്ഷ കാലത്തും സരിതയുടെ കബളിപ്പിക്കല്‍ നടന്നിട്ടുണ്ട്. അന്ന് ഭരണകര്‍ത്താക്കള്‍ ഇടപെട്ട് സിവില്‍ കേസാണ് എടുത്തത്. യു.ഡി.എഫിന്‍െറ കാലത്ത് ക്രിമിനല്‍ കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിയമസഭയില്‍ ആരോപണം ഉന്നയിക്കാതെ സഭ തടസ്സപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്. സോളാര്‍ കമീഷനില്‍ കക്ഷിചേരാതെ ഇവര്‍ ഒളിച്ചുകളിച്ചു. അവസാനം നോട്ടീസ് അയച്ചാണ് കോടതി വിളിച്ചുവരുത്തിയത്. വാഗ്ദാനങ്ങള്‍ക്കപ്പുറം നേട്ടങ്ങള്‍ സമ്മാനിച്ച സര്‍ക്കാറായിരുന്നു തന്‍േറത്. അധികാര തുടര്‍ച്ച ഉണ്ടാകുമോ ഇല്ലയോ എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. അല്ലാതെ ഭരണവിരുദ്ധ വികാരം ഒരുഭാഗത്തുനിന്നുമില്ല.
എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. മൂന്നാറില്‍ മുമ്പ് നടപ്പാക്കിയ വെട്ടിനിരത്തലാണ് ഇതിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്. മൂന്നാറില്‍ ഭൂമി കൈയേറ്റമെന്ന് കേട്ടപ്പോഴേ ജെ.സി.ബിയുമായി പോയ മുഖ്യമന്ത്രിയായിരുന്നു എല്‍.ഡി.എഫിന്‍േറത്. ഇപ്പോഴിതാ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നിരിക്കുന്നു. കേരളം ഇനി എന്താകണം, എങ്ങനെ വളരണം എന്ന് ചിന്തിക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.