മെത്രാന്‍ കായല്‍ വിവാദം: കര്‍ഷകരെ കൈയൊഴിഞ്ഞത് കോട്ടയം കലക്ടര്‍

തിരുവനന്തപുരം: കുമരകം മെത്രാന്‍ കായല്‍ വിഷയത്തില്‍ കര്‍ഷകരെ കൈയൊഴിഞ്ഞത് കോട്ടയം കലക്ടര്‍. ജനുവരി നാലിന് കര്‍ഷകരുടെ നെല്‍കൃഷി നടത്താനുള്ള അവകാശം അട്ടിമറിച്ച് കേസില്‍ തീര്‍പ്പുകല്‍പ്പിച്ചതിനുശേഷമാണ് കലക്ടര്‍ അതേമാസം ഒമ്പതിന് റാക് ഇന്‍ഡോ കുമരകം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുകൂലമായി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. സ്വന്തം ഭൂമിയില്‍ നെല്‍കൃഷി നടത്താന്‍ സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ട്  ഹൈകോടതിയെ സമീപിച്ചത് കര്‍ഷകനായ വടകോട് നല്ലാനിക്കല്‍ എന്‍.കെ. അലക്സാണ്ടറാണ്. മെത്രാന്‍ കായലില്‍ 2008വരെ നെല്‍കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ക്ക് കൃഷിചെയ്യുന്നതിന് സൗകര്യം ഒരുക്കണമെന്ന ഹരജിക്കാരന്‍െറ ആവശ്യം അടിയന്തരമായി പരിഗണക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറും മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി രണ്ടു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി കലക്ടറെ ചുമതലപ്പെടുത്തിയത്. ഈ അവസരം മുതലാക്കി കലക്ടര്‍ കമ്പനിക്ക് അനുകൂലമായി റിപ്പോര്‍ട്ടെഴുതുകയായിരുന്നു.
പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ 2015 ഡിസംബര്‍ 10ന് കലക്ടര്‍യോഗം വിളിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, കുമരകം കൃഷി ഓഫിസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ളേജ് ഓഫിസര്‍, തഹസിദാര്‍ തുടങ്ങിയവരും കമ്പനി മാനേജ്മെന്‍റ് പ്രതിനിധിയും ഹരജിക്കാരനുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇവരില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറും കുമരകം കൃഷി ഓഫിസറും 2008ന് ശേഷം തരിശിട്ട പാടത്തില്‍ കൃഷി ചെയ്യുന്നതിന് പഞ്ചായത്ത് തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും റാക് ഇന്‍ഡോ കമ്പനി എതിര്‍ക്കുന്നതിനാല്‍ കൃഷിചെയ്യാന്‍ സാധിച്ചിട്ടില്ളെന്ന് റിപ്പോര്‍ട്ട് നല്‍കി. കായല്‍ പാടം നെല്‍കൃഷിക്ക് തയാറാക്കുന്നതിന് വന്‍തുക മുടക്കണമെന്നും ഉടമകളുടെ അനുമതിയില്ലാതെ കൃഷി ഏറ്റെടുത്തു നടത്താന്‍ സാധിക്കില്ളെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മൊഴി നല്‍കിയതായി കലക്ടര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ഇതോടൊപ്പം ഹരജിക്കാരന്‍ കൃഷിയിറക്കുന്നതിന് സ്വന്തമായി ക്രമീകരണമൊരുക്കണമെന്നും നിര്‍ദേശിച്ചു. ഇതിനു വിപരീതമായി നെല്‍കൃഷി നടത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു നേരത്തേ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്കും റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയതും കലക്ടറാണ്. അതേസമയം, ടൂറിസ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ കായലിന്‍െറ 50 ശതമാനം സ്ഥലം നെല്‍കൃഷി ഉള്‍പ്പെടെ കൃഷി ആവശ്യത്തിന് ഉപയോഗിക്കാമെന്ന അഭിപ്രായത്തില്‍ കമ്പനി മാനേജ്മെന്‍റ് ഉറച്ചുനിന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി നെല്‍കൃഷി നടത്താനാവില്ളെന്ന് റിപ്പോര്‍ട്ട് നല്‍കിയെന്ന കലക്ടറുടെ വാദം തെറ്റാണെന്ന് കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് ‘മാധ്യമ’ത്തോട് പറഞ്ഞു. പഞ്ചായത്തും കര്‍ഷകരും നെല്‍കൃഷി ചെയ്യുന്നതിന് അനുകൂലമാണ്. ടൂറിസം പദ്ധതിക്കുവേണ്ടി കായല്‍നിലം വാങ്ങിയ കമ്പനിമാത്രമാണ് നെല്‍കൃഷിയെ എതിര്‍ക്കുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.