നിലവിലെ ഹോട്ടലുകള്‍ പഞ്ചനക്ഷത്ര പദവി നേടിയാലും ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: നിലവിലെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പഞ്ചനക്ഷത്ര സൗകര്യത്തിലേക്ക് മാറിയാലും ഇനി ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ളെന്ന് യു.ഡി.എഫ്.  എട്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാറിന്‍െറ മദ്യനയം കുറ്റമറ്റതാക്കാനാണിതെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സര്‍ക്കാറിന്‍െറ ശേഷിക്കുന്ന കാലയളവില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്നും  തീരുമാനിച്ചു. പുതിയ ഹോട്ടലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പഞ്ചനക്ഷത്ര പദവി നല്‍കിയാലും അവിടെ ബാര്‍ ലൈസന്‍സ് നല്‍കുന്നതിന്  നിയന്ത്രണം ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫിന്‍െറ മദ്യനയം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വ്യക്തമാക്കി. മദ്യനിരോധമെന്ന ലക്ഷ്യത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ ഇത്രയൊക്കെ തീരുമാനിച്ചതില്‍ മുസ്ലിംലീഗിന് സന്തോഷമുണ്ടെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെ കെ.പി.സി.സി പ്രസിഡന്‍റ് ഉള്‍പ്പെടെ എല്ലാവരും യോഗത്തില്‍ വിമര്‍ശിച്ചു. 2015 മുതല്‍ അനുമതി നല്‍കിയതാണ് വിവാദത്തിലായ എട്ട് പഞ്ചനക്ഷത്ര ബാറുകളെന്ന് ഉത്തരവുകള്‍ കാണിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്തിടെ രണ്ട് ബാറുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. അത് സുപ്രീംകോടതി നിര്‍ദേശപ്രകാരവുമാണ്. എന്നാലും സര്‍ക്കാറിന്‍െറ സദുദ്ദേശ്യം ചോദ്യംചെയ്യുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നത് ശരിയല്ളെന്ന് അദ്ദേഹവും നിലപാടെടുത്തു. തുടര്‍ന്നാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട്  ജോണി നെല്ലൂരിനോട് നീതികാട്ടാന്‍ കഴിഞ്ഞില്ളെന്നും അദ്ദേഹത്തെ മുന്നണി സെക്രട്ടറിയായി നിയമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യം യോഗം അംഗീകരിച്ചു. പ്രകടനപത്രികയും യോഗം അംഗീകരിച്ചു. പ്രകടനപത്രിക തയാറാക്കുന്ന  ഉപസമിതിയില്‍ അംഗമായിരുന്ന തന്‍െറ പേര് പത്രിക അച്ചടിച്ച പുസ്തകത്തില്‍നിന്ന് ഒഴിവാക്കിയതില്‍ ജോണി നെല്ലൂര്‍ അതൃപ്തി രേഖപ്പെടുത്തി.   ഇത് തിരുത്താമെന്നും ഇനി അച്ചടിക്കുന്നതില്‍ പേര് ഉള്‍പ്പെടുത്താമെന്നും പ്രകടനപത്രിക ഉപസമിതി ചെയര്‍മാന്‍ എം.എം. ഹസന്‍ ഉറപ്പുനല്‍കി. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ചെയര്‍മാനും പുനലൂര്‍ മധു കണ്‍വീനറുമായി  പ്രചാരണസമിതിക്കും യോഗം രൂപംനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.