ആർക്കും ഉപദേശം നൽകിയിട്ടില്ല -വി.എസ്

കണ്ണൂർ: താൻ ആർക്കും മുന്നറിയിപ്പും ഉപദേശവും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. ഇടതുപക്ഷ നേതാക്കൾ സൂക്ഷിച്ച് അഭിപ്രായപ്രകടനം നടത്തണം എന്ന ഫേസ്ബുക് പോസ്റ്റ് വാർത്തയായതിൽ പ്രതികരിക്കുകയായിരുന്നു വി.എസ്. 'മാധ്യമ സുഹൃത്തുക്കളോട് ഒരു അഭ്യര്‍ത്ഥന' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ തന്നെയാണ് അച്യുതാനന്ദൻ പ്രതികരണം നടത്തിയത്. താൻ ഉള്‍പ്പെടെയുള്ള ഇടതുപക്ഷജനാധിപത്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പു കാലത്ത് പാലിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും വി.എസ് വ്യക്തമാക്കി.

പോസ്റ്റിൻെറ പൂർണരൂപം

മാധ്യമ സുഹൃത്തുക്കളോട് ഒരു അഭ്യര്‍ത്ഥന

“കാള പെറ്റതും കയറെടുത്തതും” എന്ന ശീര്‍ഷകത്തിലുള്ള എന്‍റെ പോസ്റ്റില്‍ നിന്നും ചില വാക്കുകള്‍ ഊരിയെടുത്ത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചില ചാനലുകളില്‍ ബ്രേക്കിങ്ങ് ന്യൂസ്‌ വന്നുകൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ദയവായി ഞാന്‍ കുറിച്ച കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട്‌ ചെയ്യുക. സഖാവ് വിജയന്‍ എനിക്കെതിരെ മോശം പദപ്രയോഗം നടത്തിയത് ശ്രദ്ധയില്‍ പെട്ടു എന്ന് ഞാന്‍പോസ്റ്റ്‌ ചെയ്തിട്ടില്ല. അങ്ങനെ പോസ്റ്റ്‌ ചെയ്തു എന്നാണ് ഒരു ചാനലില്‍ കണ്ടത്. അങ്ങനെയുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു എന്നാണ് ഞാന്‍ കുറിച്ചത്. മാത്രവുമല്ല സഖാവ് വിജയന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന അദ്ദേഹത്തിന്‍റെ വിശദീകരണം കണക്കിലെടുത്ത് വിവാദം അവസാനിപ്പിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആര്‍ക്കും ഒരു മുന്നറിയിപ്പും ഉപദേശവും ഞാന്‍ നല്‍കിയിട്ടില്ല. ഞാന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷജനാധിപത്യ മുന്നണി നേതാക്കള്‍ ഒരു തെരഞ്ഞെടുപ്പു കാലത്ത് പാലിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.
എന്‍റെ ഈ ഫേസ്ബുക്ക്‌ പോസ്റ്റ്‌ എല്ലാ മാധ്യമങ്ങള്‍ക്കും എത്രയും വേഗം അയച്ചുകൊടുക്കാന്‍ എന്റെ ഓഫീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മാധ്യമ സുഹൃത്തുക്കള്‍ അത് ഒന്നുകൂടി മനസിരുത്തി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു ചാനല്‍ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിനെ ക്കുറിച്ച് ഞാന്‍ പോസ്റ്റില്‍ കുറിച്ചത് മാര്‍പാപ്പയാക്കി മാറ്റി വാര്‍ത്ത നല്‍കിയ സാഹചര്യത്തില്‍കൂടിയാണ് ഈ അഭ്യര്‍ത്ഥന

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.