വിജ്ഞാപനം ഇന്ന്; 29 വരെ പത്രിക നല്‍കാം

തിരുവനനന്തപുരം: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ്ച. പത്രികസമര്‍പ്പണവും വെള്ളിയാഴ്ച ആരംഭിക്കും. സ്ഥാനാര്‍ഥികള്‍ നേരത്തേ കളത്തിലിറങ്ങിയാല്‍ ആദ്യദിവസം മുതല്‍ പത്രികസമര്‍പ്പണം ഊര്‍ജിതമാകും. തിരുവനന്തപുരത്ത് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കോണ്‍ഗ്രസിലെ കെ. മുരളീധരന്‍ അടക്കമുള്ളവര്‍ ആദ്യദിവസം പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.
പത്രികസമര്‍പ്പണത്തോടെ തെരഞ്ഞെടുപ്പിന്‍െറ നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍ 29 വരെയാണ് പത്രിക സ്വീകരിക്കുക.
മാര്‍ച്ച് നാലിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനം വരുന്നത് ഇപ്പോഴാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കേരളം ഏറ്റവും അവസാനഘട്ടത്തിലാവുകയായിരുന്നു. ഏപ്രില്‍ 30ന് പത്രിക സൂക്ഷ്മപരിശോധന നടത്തും. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. സ്ഥാനാര്‍ഥികള്‍ക്ക് അന്ന് വൈകീട്ട് മൂന്നിനുശേഷം ചിഹ്നം അനുവദിക്കും. പുതിയ പാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാര്‍ക്കും മേയ് രണ്ടിന് മാത്രമേ ചിഹ്നം കിട്ടൂ. മേയ് 16നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് മുഴുവന്‍ ഒറ്റ ദിവസമാണ് വോട്ടെടുപ്പ്. 19ന് വോട്ട് എണ്ണും.
ജനുവരിവരെ കണക്ക് പ്രകാരം ഇക്കുറി 2,56,27,620 പേര്‍ക്കാണ് വോട്ടവകാശം. കഴിഞ്ഞദിവസങ്ങളില്‍ വന്‍തോതില്‍ പുതിയ വോട്ടര്‍മാര്‍ അപേക്ഷ നല്‍കിയിരുന്നു. അവര്‍ക്കും വോട്ടവകാശം ലഭിക്കും. ഇതുകൂടി വരുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വീണ്ടും മാറ്റം വരും. ഇക്കുറി 21498 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. ഇക്കുറി 12 മണ്ഡലങ്ങളില്‍ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പിക്കാനാകുന്ന വിവിപാറ്റ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോര്‍ത്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലാണിത്.
ഇക്കുറി വോട്ടുയന്ത്രത്തിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ഥികളുടെ ചിത്രമുണ്ടാകും. വോട്ടുയന്ത്രത്തില്‍ വെച്ച ബാലറ്റിന്‍െറ മാതൃക വോട്ടര്‍മാരുടെ അറിവിനായി പ്രദര്‍ശിപ്പിക്കും. നോട്ടക്ക് ഇക്കുറി ചിഹ്നം വരുമെന്നതാണ് മറ്റൊരു പ്രത്യേകത.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.