സന്തോഷ്മാധവന്‍െറ ഭൂമിക്ക് ഇളവ്: പിന്നില്‍ വ്യവസായ വകുപ്പ്

തിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ് മാധവന്‍െറ ഭൂമിയില്‍ ഐ.ടി കമ്പനിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയതിന് പിന്നില്‍ വ്യവസായ വകുപ്പ്. ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭായോഗത്തിലെ വ്യവസായ-ഐ.ടി മന്ത്രിയുടെ കുറിപ്പ് ‘മാധ്യമ’ത്തിന് ലഭിച്ചു. ഭൂപരിധിയില്‍ ഇളവിന് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവിനാധാരം മന്ത്രിയുടെ കുറിപ്പാണ്. മന്ത്രിസഭായോഗം കുറിപ്പ് അതേപടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

സ്വകാര്യമേഖലയില്‍ ഹൈടെക്/ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ളേജില്‍ 95.44 ഏക്കറിനും തൃശൂര്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ളേജില്‍ 32.41 ഏക്കറിനും ഭൂപരിധിനിയമത്തില്‍ ഇളവ് അനുവദിച്ച് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേ മാര്‍ച്ച് രണ്ടിന് (നമ്പര്‍.201/2016) ഉത്തരവിറക്കിയത്. ഇതുപ്രകാരം കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന് 1964 ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് എട്ട് (ഒന്ന്)(മൂന്ന്) പ്രകാരമുള്ള ഇളവാണ് നല്‍കിയത്. ഏകദേശം 1600 കോടി നിക്ഷേപമുള്ള ഹൈടെക് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും 20000-30000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.   

വ്യവസായം, മെഡിക്കല്‍ സയന്‍സ്, വിദ്യാഭ്യാസം, ടൂറിസം, ഐ.ടി മേഖലകളില്‍ സംരംഭം തുടങ്ങിയവര്‍ക്ക് 1962ലെ ഭൂപരിഷ്കരണനിയമത്തില്‍ കൈവശംവെക്കാവുന്ന ഭൂപരിധിയില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ഇളവുനല്‍കാന്‍ റവന്യൂവകുപ്പ് നേരത്തേ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇതനുസരിച്ചാണ് വൈക്കത്തെ സമൃദ്ധി പ്രോജക്ടിന് ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയത്. ഇതുപോലെ കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്മെന്‍റിനും ഭൂപരിധിയില്‍ ഇളവുനല്‍കുന്ന കാര്യം പരിഗണിക്കണം.

ഇതോടൊപ്പം ഈ പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ 1999ലെ  കേരള വ്യവസായ ഏകജാലക ക്ളിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശവും ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ച് വ്യവസായമേഖലയായി പ്രഖ്യാപിക്കണമെന്നും ഇതിനായി പ്രത്യേക ഏകജാലക ക്ളിയറന്‍സ് ബോര്‍ഡ് രൂപവത്കരിക്കണമെന്നുമായിരുന്നു മന്ത്രിയുടെ കുറിപ്പിലെ ആവശ്യം.  1999 ലെ നിയമത്തിന്‍െറ രണ്ടാം അധ്യായം ആറാം ഖണ്ഡിക അനുസരിച്ച് വ്യവസായമേഖല പദ്ധതികളെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ടൗണ്‍പ്ളാനിങ് ഡിപ്പാര്‍ട്മെന്‍റ്, വികസന അതോറിറ്റികള്‍ എന്നിവയില്‍ നിന്ന് നേടേണ്ട അനുമതികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

500 ഏക്കര്‍ വരുന്ന ആറന്മുള പുഞ്ചപ്പാട പ്രദേശം വ്യവസായമേഖലയായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത് ഇതേനിയമം ഉപയോഗിച്ചാണ്. ഏകജാലക ക്ളിയറന്‍സ് ബോര്‍ഡിന് വ്യവസായപ്രദേശത്ത് സംരംഭങ്ങള്‍ ആരംഭിക്കാനാവശ്യമായ ലൈസന്‍സുകളും ക്ളിയറന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും ത്വരിതഗതിയില്‍ നല്‍കാന്‍ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.