കണ്ടക്ടര്‍, ബാഡ്ജ് ലൈസന്‍സുകള്‍ക്ക് ഇനി കമ്പ്യൂട്ടര്‍ പരീക്ഷ

തിരുവനന്തപുരം: കണ്ടക്ടര്‍, ഡ്രൈവിങ് ബാഡ്ജ് ലൈസന്‍സുകള്‍ക്കുള്ള പരീക്ഷകള്‍ക്ക് ഇനി മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം. നിലവിലെ വാചാ പരീക്ഷ മേയ് ഒന്നുമുതല്‍ നിര്‍ത്തലാക്കാനും പകരം എല്ലാ റീജ്യനല്‍, സബ് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളിലും കമ്പ്യൂട്ടര്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്താനുമാണ് മോട്ടോര്‍ വാഹനവകുപ്പിന്‍െറ തീരുമാനം. ആദ്യമായി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് ഓട്ടോറിക്ഷാ ലൈസന്‍സിനൊപ്പം ബാഡ്ജ് ടെസ്റ്റ് കൂടി നടത്തി ബാഡ്ജ് ലൈസന്‍സ് നല്‍കുന്നരീതി നിര്‍ത്തലാക്കും. വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. മുച്ചക്ര ലൈസന്‍സ് ലഭിച്ച് ഒരു വര്‍ഷം പിന്നിടുകയും 20 വയസ്സ് പൂര്‍ത്തിയാവുകയും ചെയ്ത നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ബാഡ്ജ് പരീക്ഷക്ക് അവസരം നല്‍കൂ. അതേസമയം ഫീസ് അടച്ച് ലേണേഴ്സ് എടുത്തവരെ മേയ് 31 വരെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയെഴുതാന്‍ അനുവദിക്കും. ബാഡ്ജ്, കണ്ടക്ടര്‍ ടെസ്റ്റുകള്‍ക്ക് 180 ഓളം ചോദ്യങ്ങളുള്ള വെവ്വേറെ ചോദ്യാവലിയാണുള്ളത്. ഇതില്‍ 20 ചോദ്യങ്ങളാണ് അപേക്ഷകന് നല്‍കുക. 20 മിനിറ്റ് സമയവും അനുവദിക്കും. ഈ സമരപരിധിക്കുള്ളില്‍ 12 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയാല്‍ അപേക്ഷകന്‍ ടെസ്റ്റില്‍ പാസാവും. ടെസ്റ്റിന് ഹാജരാകുന്ന അപേക്ഷകരുടെ രേഖകളും മറ്റും പരിശോധിക്കേണ്ടത് അസിസ്റ്റന്‍റ് ലൈസന്‍സിങ് അതോറിറ്റിയാണ്. അസി.മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് നിരീക്ഷരുടെ ചുമതല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.