താഴത്തങ്ങാടി മസ്ജിദ് കാണാന്‍ സ്ത്രീകളുടെ ഒഴുക്ക്

താഴത്തങ്ങാടി മസ്ജിദ് കാണാന്‍ സ്ത്രീകളുടെ ഒഴുക്ക്

കോട്ടയം: കേരളത്തിലെ അതിപുരാതനമായ മുസ്ലിം ദേവാലയം തുറന്നുകാണാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കി താഴത്തങ്ങാടി ജുമാമസ്ജിദ് ചരിത്രം തീര്‍ത്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ക്ഷേത്രശില്‍പകലാ മാതൃകയില്‍ കൊത്തുപണികളോടെ തടിയില്‍ നിര്‍മിച്ച പള്ളിയുടെ അകത്തളം കാണാന്‍ വിശ്വാസികളായ നൂറുകണക്കിന് സ്ത്രീകളാണ് എത്തിയത്. വിവിധ സ്ഥലങ്ങളില്‍നിന്ന് വാഹനങ്ങളില്‍ എത്തിയ സ്ത്രീകളുടെ തിരക്ക് ഞായറാഴ്ച രാവിലെ മുതല്‍ ദൃശ്യമായിരുന്നു. കാഴ്ചക്കാരായത്തെിയ ഇതരമതവിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ ഇസ്ലാമികവേഷം ധരിച്ചും  അംഗശുദ്ധിവരുത്തിയുമാണ് പള്ളിയിലേക്ക് പ്രവേശിച്ചത്. നമസ്കാരസമയത്ത് ഇടവേളകള്‍ നല്‍കി സന്ദര്‍ശനം ക്രമീകരിച്ചു.  

പൗരാണിക ശില്‍പചാരുതയും വാസ്തുശില്‍പവിദ്യയും സമന്വയിപ്പിച്ച് തടിയില്‍ നിര്‍മിച്ച മുസ്ലിം പൈതൃകത്തിന്‍െറ അഭിമാനസ്തംഭമായ സൗധത്തിന്‍െറ വിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ‘താഴത്തങ്ങാടി ജുമാമസ്ജിദ്’ ലോകശ്രദ്ധയാകര്‍ഷിച്ചതെന്ന് ഇമാം മൗലവി സിറാജുദ്ദീന്‍ ഹസനി, പ്രസിഡന്‍റ് അഡ്വ. എം.പി. നവാബ് എന്നിവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

കുമരകത്ത് വരുന്ന വിദേശി-സ്വദേശി സഞ്ചാരികളും വിദേശ ഗവേഷകരുമടക്കം പള്ളി കാണാന്‍ എത്താറുണ്ട്. ഈസാഹചര്യത്തില്‍ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് പള്ളി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണമെന്ന നാട്ടുകാരുടെ നിരന്തര അഭ്യര്‍ഥന മാനിച്ച് ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം ഒരുക്കുകയായിരുന്നു. രണ്ടാമത്തെ സന്ദര്‍ശനദിവസമായ മേയ് എട്ടിന് കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷ. മേയ് എട്ടിന് രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12വരെയും വൈകീട്ട് 3.30 മുതല്‍ 4.30 വരെയുമാണ് സന്ദര്‍ശനസമയം.

മസ്ജിദിന്‍െറ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് ഇസ്ലാമിക മര്യാദകള്‍ പാലിച്ച് മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കൂ. നൂറ്റാണ്ടുകള്‍ക്കുശേഷം ലഭിച്ച അസുലഭനിമിഷം വരവേല്‍ക്കുന്ന സ്ത്രീകള്‍ ഇത് ആഘോഷമായോ ആരാധനയായോ കാണേണ്ടതില്ളെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.