മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സോളാര്‍ കമീഷന്‍

കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജസ്റ്റിസ് ശിവരാജന്‍. കേസിലെ മുഴുവന്‍ തെളിവെടുപ്പും പൂര്‍ത്തിയായശേഷമാണ് ഇക്കാര്യം പരിഗണിക്കുക. ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സോളാർ കമീഷന്‍.

 ‘സോളാർ കേസിൽ മറ്റു ചിലരെകൂടി വിസ്തരിക്കണം. ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെ ആവശ്യമെങ്കില്‍ വീണ്ടും വിസ്തരിക്കാന്‍ അന്വേഷണ കമീഷന്‍ നിയമം അനുവദിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കാര്യം അപ്പോള്‍ പരിഗണിക്കാം. സരിതയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാവും മുമ്പാണ് മുഖ്യമന്ത്രിയെ ആദ്യം വിസ്തരിച്ചത്. പലരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ ഇനിയും പലതും അറിയാനുണ്ട്്-’ –കമീഷന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ നേരത്തെ വിസ്തരിച്ച വേളയില്‍ സരിതയുടെ ആദ്യ വക്കീല്‍ ഫെനി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക മൊബൈല്‍ ഫോണില്‍ അദ്ദേഹത്തെ വിളിച്ചിരുന്നോ എന്ന് കമീഷന്‍െറ അഭിഭാഷകന്‍ ആരാഞ്ഞിരുന്നു. ഫെനി വിളിച്ചിട്ടില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. എന്നാല്‍, േകാള്‍ ഡാറ്റാ പ്രകാരം പ്രസ്തുത ഫോണിലേക്ക് നാലു തവണ ഫെനി വിളിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ഈ പശ്ചാത്തലത്തിലാണ് ആള്‍ ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ വീണ്ടും ഹരജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്നതിനെ അദ്ദേഹത്തിന്‍െറയും സര്‍ക്കാരിന്‍െറയും അഭിഭാഷകര്‍ എതിര്‍ത്തില്ല.

അതിനിടെ കമീഷന്‍ സിറ്റിങ്ങില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആള്‍ ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രന്‍ കമീഷെൻറ നിഷ്പക്ഷതയെക്കുറിച്ച് മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചത് വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് കമീഷന്‍ പറഞ്ഞു. സി.പി.എം. അനുകൂല സംഘടനയായ  ആള്‍ ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ ഇങ്ങനെ ചെയ്തതിലെ സി.പി.എം. നിലപാട് പാര്‍ട്ടി സെക്രട്ടറി അറിയിക്കണം. കമീഷന്‍ നടപടികളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കൂട്ടി വായിച്ച രാജേന്ദ്രന്‍െറ ഉദ്ദേശ്യശുദ്ധയില്‍ സംശയമുണ്ടെന്നും കമീഷന്‍ പറഞ്ഞു.

നേരത്തെ കമീഷന്‍ നടപടികളെ മാധ്യമങ്ങളിലൂശട വിമര്‍ശിച്ചതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ശിവരാജന്‍ ആള്‍ ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രന് നോട്ടീസ് അയച്ചിരുന്നു. രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും കമീഷന് തൃപ്തിയായില്ല.  രാജേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത് നിസാരമായി കാണാനാവില്ലെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.