എന്‍.ഇ. ബലറാമിനെ അപമാനിക്കാന്‍ ശ്രമിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിജയ് മല്യയുടെ കമ്പനിക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് എന്‍.ഇ. ബലറാമിനെ അപമാനിക്കാനോ അദ്ദേഹത്തെ മറയാക്കി കള്ളം പ്രചരിപ്പിക്കാനോ താന്‍ ശ്രമിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബലറാം വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ 1971 ജനുവരി 13ന് അയച്ച ടെലക്സ് സന്ദേശത്തോടെയാണ് ഭൂമി നല്‍കാന്‍ നടപടികള്‍ ആരംഭിച്ചതെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. അത് ചരിത്രവസ്തുതയാണ്. അത്രയും കാലപ്പഴക്കമുള്ള ഇടപാട് എന്ന കാര്യം വ്യക്തമാക്കാനാണ് താന്‍ ടെലക്സ് സന്ദേശത്തിന്‍െറ കാര്യം സൂചിപ്പിച്ചതെന്നും ബലറാമിന്‍െറ മകള്‍ ഗീതാ നസീറിന്‍െറ കത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

അന്ന് അങ്ങനെ ചെയ്തത് തെറ്റാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അതില്‍ അഴിമതിയുണ്ടെന്നും പറഞ്ഞില്ല. അന്നത്തെ സാഹചര്യത്തില്‍ എടുത്ത തീരുമാനമാണ്. ആ സാഹചര്യം എന്തെന്നറിയില്ല. കേരളത്തില്‍ വ്യവസായം തുടങ്ങണമെന്ന ആഗ്രഹത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് താന്‍ കരുതുന്നു. ആ കമ്പനിയെ കരുണാകരന്‍ മുഖ്യമന്ത്രിയും ഇ. അഹമ്മദ് വ്യവസായമന്ത്രിയുമായ കാലത്താണ് 1985ല്‍ മല്യ കൈയടക്കിയത് എന്ന ദുസ്സൂചന  കത്തിലുണ്ട്. പ്രീമിയര്‍ ബ്രൂവറീസ് ലിമിറ്റഡ് ഇപ്പോഴത്തെ കമ്പനിയായ യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡില്‍ ലയിച്ചത് കേരള ഹൈകോടതി വിധി പ്രകാരമാണെന്നാണ് താന്‍ മനസ്സിലാക്കിയത്. അതിലേക്ക് ഇവരെ വലിച്ചിഴക്കേണ്ടതില്ലായിരുന്നു.
മന്ത്രിസഭയുടെ അവസാനനാളില്‍ നടത്തിയ കടുംവെട്ട് എന്ന നിലയിലാണ് ഈ ഭൂമി ഇടപാട് അവതരിപ്പിക്കപ്പെട്ടത്. താന്‍ അറിയാത്ത കാര്യവും പാലക്കാട് ജില്ലാ കലക്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ച് എടുത്ത നടപടിയുമാണ്. അത് കാലഗണന തെറ്റിച്ചും വസ്തുതകള്‍ തെറ്റിദ്ധരിപ്പിച്ചും ഇടത് നേതാക്കള്‍ ഇപ്പോഴും പ്രസംഗിക്കുന്നത് വേദനജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.