തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വ്യക്തമാക്കി ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ താഴുന്നു. ഇടുക്കിയടക്കം ജില്ലയിലെ പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് താഴുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. വരും ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചില്ളെങ്കില്‍ അണക്കെട്ടുകള്‍ കൂടുതല്‍ വരള്‍ച്ചയിലേക്ക് നീങ്ങും.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച 2325.56 അടിയായി കുറഞ്ഞ നിലയിലാണ്. സംഭരണ ശേഷിയുടെ 25 ശതമാനം വെള്ളം മാത്രമാണ് ഡാമിലുള്ളത്.
ഉപഭോഗം വര്‍ധിച്ചതോടെ വൈദ്യുതി ഉല്‍പാദനവും ഇടുക്കിയില്‍ വര്‍ധിപ്പിച്ചു. തിങ്കളാഴ്ച മൂലമറ്റം വൈദ്യുതി നിലയത്തില്‍ 12.287 ദശലക്ഷം യൂനിറ്റായിരുന്നു വൈദ്യുതി ഉല്‍പാദനം. ഉപഭോഗം വര്‍ധിച്ചതോടെ ഞായറാഴ്ച 7.196 ദശലക്ഷം യൂനിറ്റായിരുന്ന വൈദ്യുതി ഉല്‍പാദനം 12ലേക്ക് ഉയര്‍ത്തുകയായിരുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ ലഭിച്ച മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായതാണ് ജലനിരപ്പ് കുറയാനിടയാക്കിയത്. ചെറുതോണി, ആനയിറങ്കല്‍, പൊന്മുടി, കല്ലാര്‍കുട്ടി, മലങ്കര, ചെങ്കുളം തുടങ്ങി ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. ചൂട് ഉയരുന്നതും എ.സി, ഫാന്‍, കൂളറുകള്‍ എന്നിവയുടെ ഉപഭോഗം വര്‍ധിച്ചതും മൂലം വൈദ്യുതി ഉപയോഗം റെക്കോഡ് ഭേദിക്കുകയാണ്. ചൊവ്വാഴ്ചയും ഇടുക്കിയില്‍ കടുത്ത ചൂടാണ്. തൊടുപുഴയിലടക്കം 36 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും കുടിവെള്ളക്ഷാമം വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഏപ്രില്‍ ആദ്യവാരം ജില്ലയിലെ ചിലയിടങ്ങളില്‍ വേനല്‍മഴ പെയ്തെങ്കിലും അണക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശത്ത് മഴ ലഭിച്ചില്ല. വരും ദിവസങ്ങളില്‍ അണക്കെട്ടിലെ സ്ഥിതി മെച്ചെപ്പെട്ടില്ളെങ്കില്‍ കൂടുതല്‍ വൈദ്യുതി നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.