ചൂടില്‍ പൊരിയുന്നവര്‍ക്ക് ആശ്വാസ പദ്ധതിയുമായി മമ്മൂട്ടി

കൊച്ചി: കൊടുംചൂടില്‍ വലയുന്നവര്‍ക്ക് ആശ്വാസമത്തെിക്കാന്‍ സിനിമാതാരം മമ്മൂട്ടി രംഗത്തിറങ്ങുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുള്ള കര്‍മ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ആലോചനാ യോഗം വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് എറണാകുളം ഗെസ്റ്റ് ഹൗസില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ചേരും.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എറണാകുളം ഗെസ്റ്റ് ഹൗസില്‍ സന്ദര്‍ശിച്ച് മമ്മൂട്ടി ഇതിന്‍െറ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വരള്‍ച്ചാ ദുരിതാശ്വാസ പരിപാടികളുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു. സംസ്ഥാനത്ത് അതികഠിനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണെന്നും ഈ സാഹചര്യം നേരിടുന്നതിന് മലയാളികളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് മമ്മൂട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ അവരെ സഹായിക്കാന്‍ കേരളത്തിലെ സന്നദ്ധ സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരുന്നു.
വെള്ളവും ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കാനുള്ള കൂട്ടായ്മയാണ് വേണ്ടത്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങണം. സൂര്യാതപം ഏറ്റും കഠിന ചൂട് കാരണവും പലരും ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവര്‍ക്ക് ഭക്ഷണം  മുടങ്ങുന്ന സാഹചര്യമുണ്ട്. ഇങ്ങനെ സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഹെല്‍പ് ലൈന്‍ പോലുള്ള നമ്പറുകളോ മറ്റോ ഏര്‍പ്പെടുത്തി സഹായം എത്തിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളും കൈകോര്‍ക്കണം. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ജല അടിയന്തരാവസ്ഥയാണുള്ളത്. ഇങ്ങനെപോയാല്‍ കേരളത്തിലും ഈ അവസ്ഥ വരാനുള്ള സാധ്യത തള്ളിക്കളയരുത്. പല സംഭവങ്ങളും നേരിട്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദുരിത ബാധിതരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന ബോധ്യത്തില്‍ രംഗത്തിറങ്ങുന്നത്.  താന്‍ ഒറ്റക്ക് ചെയ്യുന്നതിന് പരിമിതികളുണ്ട്. ഒത്തൊരുമയോടെ ചെയ്താല്‍ വലിയ ഫലങ്ങളുണ്ടാകും. ഭാവിയില്‍ ജലക്ഷാമം വലിയ പ്രശ്നമായി മാറും. ഇത് മുന്‍കൂട്ടിക്കണ്ടുള്ള പരിഹാര നടപടികളും ആലോചിക്കണം. ഇതിനാണ് വ്യാഴാഴ്ച വൈകീട്ട് ബഹുജന സംഘടനകള്‍, സാമൂഹിക സംഘടനകള്‍ തുടങ്ങിയവരുടെ യോഗം ചേരുന്നത്. സമാന മനസ്കരായ ആര്‍ക്കും പങ്കെടുക്കാം. വലിയൊരു ദുരന്തമുണ്ടാകുന്നതിന് മുമ്പ് മുന്‍കരുതല്‍ കൈക്കൊള്ളുകയാണ് ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.