കേരളത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: വേനല്‍ചൂട് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം വരള്‍ച്ച ബാധിതമാണെന്ന് പ്രഖ്യാപിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണം. ധനസഹായം അനുവദിക്കണം. 14 ജില്ലകളും വരള്‍ച്ചയുടെ പിടിയിലാണ്. അതിനാല്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്‍െറ മാന്വല്‍ ഫോര്‍ ഡ്രൗട്ട് മാനേജ്മെന്‍റ് 2010, ദേശീയ ദുരന്തനിവാരണ മാര്‍ഗരേഖ 2009 എന്നിവയിലെ വ്യവസ്ഥകള്‍ ഇളവുചെയ്യണം. സംസ്ഥാനത്ത് ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്നും മേയ് 19 വരെ കേരളത്തില്‍ കനത്ത ചൂടും വരള്‍ച്ചയും തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എസ്.ഡി.എം.എ) യോഗത്തിലെ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രി കത്തയച്ചത്. സംസ്ഥാനത്ത് ‘ഹീറ്റ്വേവ്’ പ്രതിഭാസം രൂപപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നതെന്ന് മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. കാസര്‍കോട് ജില്ലയില്‍ വരള്‍ച്ച ഏറെ രൂക്ഷമാണ്. ഇവിടെ 38ല്‍ 28 പഞ്ചായത്തിലും പ്രശ്നം സങ്കീര്‍ണമാണ്. കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇത് മറികടക്കാന്‍ റിവേഴ്സ് ഓസ്മോസിസ് (ആര്‍.ഒ) പ്ളാന്‍റുകള്‍ സ്ഥാപിക്കും. കൂടുതല്‍ കുഴല്‍കിണറുകളും കുഴിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ കാസര്‍കോട്ട് ക്യാമ്പ് ചെയ്യും. കുടിവെള്ളലഭ്യത ഉറപ്പാക്കാന്‍ മുന്നോട്ടുവരുന്ന സന്നദ്ധസംഘടനകള്‍ക്ക് വാട്ടര്‍ അതോറിറ്റി ജലം സൗജന്യമായി നല്‍കും.
എല്ലാ ജില്ലയിലും തണ്ണീര്‍പന്തല്‍ സ്ഥാപിക്കും. കുടിവെള്ളലഭ്യത ഉറപ്പാക്കാന്‍ കലക്ടര്‍മാര്‍ക്ക് 13.54 കോടി അനുവദിച്ചു. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ നല്‍കും. പാലക്കാട് ഒഴികെയുള്ള ജില്ലകളിലെ ഡാമുകളിലെ വെള്ളം തുറന്നുവിടും. കൊല്ലത്ത് തെന്മല ഡാമില്‍നിന്ന് കൂടുതല്‍ വെള്ളമത്തെിക്കും. ചവറ, പന്മന ഭാഗത്തേക്കാകും കൂടുതല്‍ വെള്ളം എത്തിക്കുക. ശാസ്താംകോട്ട തടാകത്തില്‍നിന്ന് കൂടുതല്‍ ജലം വിവിധ ഭാഗങ്ങളിലേക്കത്തെിച്ച് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കും. നെയ്യാര്‍ഡാമിലെ ജലം രണ്ട് കനാലുകളിലൂടെയും ഒഴുക്കും.
മലമ്പുഴ ഡാമിലെ വെള്ളം കുടിവെള്ള വിതരണത്തിന് മാത്രമായി വിനിയോഗിക്കും. കന്നുകാലികള്‍ ചത്തൊടുങ്ങുന്നത് തടയാന്‍ മൃഗസംരക്ഷണ വകുപ്പിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.  മരുന്ന് വാങ്ങാന്‍ മൃഗസംരക്ഷണവകുപ്പിന് ജില്ലാ അടിസ്ഥാനത്തില്‍ രണ്ടുലക്ഷം വീതം നല്‍കിയിട്ടുണ്ട്. 1838 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചു. കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭ്യമായാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, അടൂര്‍പ്രകാശ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.