ശിരോവസ്ത്രം: വിധി ചോദ്യംചെയ്ത് സി.ബി.എസ്.ഇ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിച്ച ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സി.ബി.എസ്.ഇ അപ്പീല്‍ നല്‍കി. ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. പരീക്ഷക്കത്തെുന്ന വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രം അഴിച്ച് പരിശോധിക്കാമെന്നും അതിനായി മതവികാരം വ്രണപ്പെടുത്താത്ത രീതിയില്‍ വനിതാ ഇന്‍വിജിലേറ്റര്‍മാരെ ചുമതലപ്പെടുത്തണമെന്നുമുള്ള നിര്‍ദേശം നടപ്പാക്കല്‍ അപ്രായോഗികമാണ്. പരീക്ഷക്ക് ഒരുക്കം പൂര്‍ത്തിയായ സാഹചര്യത്തില്‍ വനിതാ ഇന്‍വിജിലേറ്റര്‍മാരെ മുഴുവന്‍ സെന്‍ററുകളിലും നിയമിക്കല്‍ ബുദ്ധിമുണ്ടാക്കും.
മതപരമായ വിശ്വാസം സംരക്ഷിക്കേണ്ടതുണ്ടെങ്കിലും ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വൈകിയവേളയില്‍ കഴിയില്ല. പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും അപ്പീലില്‍ പറയുന്നു. മതപരമായ വിശ്വാസത്തിന്‍െറ ഭാഗമായ വസ്ത്രധാരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ പാവറട്ടി സ്വദേശിനി അംന ബിന്‍ദ് ബഷീര്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവിനെതിരെയാണ് സി.ബി.എസ്.ഇയുടെ അപ്പീല്‍.

വസ്ത്രനിയന്ത്രണം ഏര്‍പ്പെടുത്തിയ എ.ഐ.പി.എം.ഇ.ടി ബുള്ളറ്റിനില്‍ ആ ഭാഗം ഒഴിവാക്കാനാണ് കോടതി നിര്‍ദേശം. സിംഗിള്‍ ബെഞ്ച് ഉത്തരവ് അവ്യക്തവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. കൂടാതെ, എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമാക്കുന്നതുമായ ഉത്തരവാണ് കോടതിയില്‍നിന്നുണ്ടായത്.
ഞായറാഴ്ച നടക്കുന്ന പരീക്ഷയില്‍ ഈ ഉത്തരവ് നടപ്പാക്കാന്‍  പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അപ്പീലില്‍ പറയുന്നു. അപ്പീല്‍ ഹരജി വെള്ളിയാഴ്ച ഹൈകോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.