മിണ്ടാതിരിക്കുന്നവന്‍െറ വായ മൂടിപ്പിടിക്കുന്നതെന്തിന് -ഉമ്മന്‍ ചാണ്ടിയുടെ മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മിണ്ടാതിരിക്കുന്നയാളുടെ വായ താന്‍ മൂടിപ്പിടിക്കുന്നതെന്തിനെന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തനിക്കെതിരെയും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെയും ഒരു എഫ്.ഐ.ആര്‍ എങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ളിലുള്ള തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നെന്നും ലാവ്ലിന്‍ കേസിലും ടി.പി ചന്ദ്രശേഖരന്‍ വിഷയത്തിലും പി.സി ജോര്‍ജിനെതിരെയും ഒന്നും മിണ്ടാതെ ഒളിച്ചോടുന്നത് വി.എസ് ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു എഫ്.ഐ.ആറെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തന്‍്റെ ചോദ്യങ്ങള്‍ക്ക് ദിവസങ്ങള്‍ നീണ്ട മൗനമായിരുന്നു വി.എസിന്‍്റെ മറുപടിയെന്നും ഉമ്മന്‍ചാണ്ടി കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണരൂപം

മിണ്ടാതിരിക്കുന്നവന്‍റെ വായ മൂടിപ്പിടിക്കുന്നതെന്തിന്

ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മൗനം പാലിച്ചിരിക്കുന്ന അങ്ങയുടെ വായ ഞാനെന്തിന് മൂടിപ്പിടിക്കണം. എനിക്കെതിരേ 31 കേസുകളും എന്‍്റെ മന്ത്രിസഭയില്‍ ഉള്ളവര്‍ക്ക് എതിരേ 131 കേസുകളും ഉണ്ടെന്നാണ് അങ്ങ് പ്രസംഗിച്ചത്. അതിനു മുറുപടിയായി, എനിക്കെതിരേ മാത്രമല്ല എന്‍്റെ മന്ത്രിസഭയിലുള്ള ആര്‍ക്കെതിരേയും ഒരൊറ്റ എഫ്.ഐ.ആറും നിലനില്‍ക്കുന്നില്ളെന്ന് ഞാന്‍ വ്യക്തമാക്കിയതാണ്. ഒരു എഫ്.ഐ.ആറെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ ഞാന്‍ അങ്ങയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍്റെ ചോദ്യങ്ങള്‍ക്ക് ദിവസങ്ങള്‍ നീണ്ട മൗനമായിരുന്നു അങ്ങയുടെ മറുപടി.

ലോകായുക്തയില്‍നിന്നു ലഭിച്ച ഒരു വിവരാവകാശ രേഖ വച്ചാണ് എനിക്കെതിരേയും മറ്റു മന്ത്രിമാര്‍ക്കെതിരേയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അങ്ങ് ഉന്നയിച്ചത്. എന്നാല്‍ എനിക്കെതിരേ ഒറ്റ കേസുപോലും നിലനില്‍ക്കുന്നില്ളെന്ന് ലോകായുക്തയും വ്യക്തമാക്കുകയുണ്ടായി. ഇടതുപക്ഷത്തുള്ള നിരവധി സ്ഥാനാര്‍ഥികള്‍ കൊലപാതകം, അഴിമതി, ചെക്കുകേസ്, വഞ്ചനാ കുറ്റം, ആത്മഹത്യാ പ്രേരണ തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണെന്ന് വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞിരുന്നു. അതിനും മൗനമായിരുന്നു അങ്ങയുടെ മറുപടി.

ഇന്നിപ്പോള്‍ എനിക്കെതിരേ 12 കേസുകള്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് അങ്ങ് കോടതില്‍ പറഞ്ഞതെന്ന് അറിയാന്‍ കഴിഞ്ഞു. എനിക്കെതിരേ 31 കേസുകള്‍ എന്നതില്‍നിന്ന് അങ്ങിപ്പോള്‍ 12 കേസുകളിലേക്ക് എത്തിയിരിക്കുന്നു. ഈ കേസുകള്‍ ഏതൊക്കെയാണെന്നും ഈ കേസുകളില്‍ എഫ്.ഐ.ആറുകള്‍ ഉണ്ടോ എന്നും വ്യക്തമാക്കാന്‍ ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നു. ഞാന്‍ ഇന്ന് എന്‍്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയുണ്ടായി. എനിക്കെതിരേ ഒരു എഫ്.ഐ.ആര്‍. പോലുമില്ളെന്ന് അതില്‍നിന്നുതന്നെ വ്യക്തമാണ്. അതല്ല എനിക്കെതിരേ ഏതെങ്കിലും കേസില്‍ എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു പറയാനെങ്കിലും അങ്ങ് മൗനം ഭഞ്ജിക്കണം.

ഒളിച്ചോടുന്നത് അങ്ങല്ളേ... ലാവലിന്‍ കേസില്‍ ഒരു പതിറ്റാണ്ടുകാലം കൈക്കൊണ്ട നിലപാടു മാറ്റി ഒളിച്ചോടിയത് അങ്ങല്ളേ. ടി.പി.ചന്ദ്രശേഖരന്‍്റ വിധവ രമയുടെ മുഖത്തുപോലും നോക്കാന്‍ കഴിയാതെ ഒളിച്ചോടിയത് അങ്ങല്ളേ. പി.സി.ജോര്‍ജ് ഒരു കാരണവശാലും നിയമസഭയില്‍ എത്തരുതെന്നു പിണറായി വിജയന്‍ കല്‍പ്പന പുറപ്പെടുവിച്ചു പോയ പൂഞ്ഞാറില്‍ ഒറ്റ വരിയില്‍ പ്രസംഗം മുഴുമിപ്പിച്ച് പി.സി.ജോര്‍ജിനെതിരേ ഒന്നും പറയാതെ സ്റ്റേജില്‍നിന്നും ഒളിച്ചോടിയത് അങ്ങല്ളേ. പറഞ്ഞതെല്ലാം വിഴുങ്ങി, കൂടെനിന്നവരെയെല്ലാം വഴിയാധാരമാക്കി ജനങ്ങളുടെ സാമാന്യബുദ്ധി വെല്ലുവിളിച്ചുകൊണ്ടുള്ള അങ്ങയുടെ ഈ ഒളിച്ചോട്ടം അധികാര കസേര ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ അത് ഒരിക്കലും അംഗീകരിക്കില്ല.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.