സ്വത്ത് എഴുതിവാങ്ങി മരുമകന്‍ ഷെഡില്‍ പാര്‍പ്പിച്ച ദമ്പതിമാരില്‍ വൃദ്ധ മരിച്ചു

മാവൂര്‍: കബളിപ്പിച്ച് സ്വത്ത് എഴുതി വാങ്ങിയശേഷം ഭക്ഷണവും പരിചരണവുമില്ലാതെ മരുമകന്‍ വീടിനുപുറത്തെ ഷെഡില്‍ പാര്‍പ്പിച്ച വൃദ്ധദമ്പതികളില്‍ ഭാര്യാമാതാവ് മരിച്ചു. കണ്ണിപ്പറമ്പ് തട്ടാന്‍തൊടികയില്‍ രാഘവന്‍ നായരുടെ ഭാര്യ സരോജിനിയമ്മയാണ് (67) മരിച്ചത്. ജീവിതകാലം മുഴുവന്‍ നോക്കാമെന്നു പറഞ്ഞ് സ്വത്ത് എഴുതിവാങ്ങിയ മൂത്ത മരുമകന്‍ ചേലേമ്പ്രയിലെ വീടിനുപുറത്തെ പ്ളാസ്റ്റിക് പൈപ്പ് നിര്‍മാണ യൂനിറ്റിന്‍െറ ഷെഡില്‍ ഭക്ഷണവും പരിചരണവുമില്ലാതെ പീഡിപ്പിക്കുകയാണെന്നു കാണിച്ച് രാഘവന്‍ നായര്‍ മറ്റൊരു മരുമകന്‍ മുഖേന ഈ മാസം ആദ്യം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ദാനാധാരപ്രകാരം മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് മാവൂര്‍ കണ്ണിപ്പറമ്പിലുള്ള 45 സെന്‍റ് സ്ഥലം മരുമകന്‍െറ പേരില്‍ തീരാധാരമായി രജിസ്റ്റര്‍ ചെയ്ത് കബളിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ആഴ്ച പാരാലീഗല്‍ വളന്‍റിയര്‍ സ്ഥലത്തത്തെി പരാതി യാഥാര്‍ഥ്യമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. 31 വര്‍ഷത്തോളമായി കിടപ്പായ സരോജിനിയമ്മയെയും ഷോക്കേറ്റ് ഒരുഭാഗം തളര്‍ന്ന രാഘവന്‍നായരെയും രണ്ട് കട്ടിലില്‍ തുണികൊണ്ട് കെട്ടിയിട്ട നിലയിലാണ് വളന്‍റിയര്‍മാര്‍ കണ്ടത്. കഴിഞ്ഞ ദിവസം സരോജിനിയമ്മക്ക് രോഗം മൂര്‍ച്ഛിക്കുകയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ്  മരിച്ചത്. തുടര്‍ന്ന് വളന്‍റിയര്‍ ശ്രീജ അയ്യപ്പന്‍ കാട്ടുമുണ്ടയുടെ നേതൃത്വത്തില്‍ ലീഗല്‍ സര്‍വിസ് അതോറിറ്റി അധികൃതര്‍ രാഘവന്‍നായരെ മോചിപ്പിച്ച് രണ്ടാമത്തെ മകളുടെ വീട്ടിലത്തെിക്കുകയായിരുന്നു. വീടും അതിനോട് ചേര്‍ന്ന 41 സെന്‍റും വിറ്റതിനെതുടര്‍ന്ന് മൂന്നുവര്‍ഷംമുമ്പ് മകന്‍െറ കൂടെ തിരുവമ്പാടിയിലെ വാടകവീട്ടിലേക്ക് മാറിയിരുന്നു. വാടകവീട് ഒഴിഞ്ഞതിനെതുടര്‍ന്ന് പെരുവയലിലെ രണ്ടാമത്തെ മകളുടെ വീട്ടിലായിരുന്നു. പിന്നീടാണ് ചേലേമ്പ്രയിലേക്ക് കൊണ്ടുപോയത്. ഇവിടെ എത്തി അധികം കഴിയുന്നതിനുമുമ്പ് സ്ഥലം എഴുതിവാങ്ങിയതായും ഷെഡിലേക്ക് താമസം മാറ്റിച്ചതായും പരാതിയിലുണ്ട്.
സ്വത്ത് തിരിച്ചുകിട്ടുന്നതിന് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മാതാപിതാക്കളെ ഉപേക്ഷിച്ചതിന് വിശദ റിപ്പോര്‍ട്ട് സഹിതം നടപടിക്കായി ആര്‍.ഡി.ഒക്ക് സമര്‍പ്പിക്കുമെന്നും അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആര്‍.എല്‍. ബൈജു പറഞ്ഞു. സരോജിനിയമ്മയുടെ മൃതദേഹം കണ്ണിപറമ്പിലെ തട്ടാന്‍തൊടികയില്‍ സംസ്കരിച്ചു. മക്കള്‍: സുരേന്ദ്രകുമാര്‍, ശോഭന, കനകലത, ഉഷ. മരുമക്കള്‍: ബാലസുന്ദരന്‍, മുരളീധരന്‍, പ്രമോദ്, വാസന്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.