കാഫിർ സ്ക്രീൻ ഷോട്ട്​: പരാതിക്കാരനെ വാദിയാക്കാത്തതിൽ വിശദീകരണം തേടി ഹൈകോടതി

കൊച്ചി: ലോക്​സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ വടകര മണ്ഡലത്തിൽ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരനെ വാദിയാക്കാത്തതിൽ ഹൈകോടതി പൊലീസിന്‍റെ വിശദീകരണം തേടി. തന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പൊലീസിനോട്​ വിശദീകരണം തേടിയത്​.

കാസിമിനെ വാദിയായി ഉൾപ്പെടുത്താത്തതിനാൽ മജിസ്​​ട്രേറ്റ്​ കോടതിയെ സമീപിക്കാൻ ഹരജിക്കാരന്​ സാധ്യമാകില്ലെന്ന്​ അഭിഭാഷകൻ മുഹമ്മദ്​ ഷാ ചൂണ്ടിക്കാട്ടി​യപ്പോഴാണ്​ കോടതി വിശദീകരണം തേടിയത്​.

സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സി.പി.എം നേതാവ് നൽകിയ പരാതിയിൽ കാസിം പ്രതിയാണ്. കാസിമിനെ പ്രതിയാക്കിയതിനെതിരെ മുസ്​ലിം ലീഗ് പ്രവർത്തകനായ ഇസ്മയിൽ നൽകിയ പരാതിയിലാണ്​ രണ്ടാമത്തെ കേസ്​. രണ്ട്​ കേസിലും കാസിം വാദിയല്ല. ഹരജി വീണ്ടും സെപ്​റ്റംബർ ഒമ്പതിന്​ പരിഗണിക്കും.

അതേസമയം, വ്യാജ രേഖ ചമച്ചതടക്കം വകുപ്പുകൾ പ്രതികൾക്കെതിരെ കൂട്ടിച്ചേർത്തതായി പൊലീസ് അറിയിച്ചു. ഈ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന്​ കൂട്ടിച്ചേർക്കാൻ​ കോടതി നിർദേശിച്ചിരുന്നു.

Tags:    
News Summary - Kafir screen shot: High Court seeks explanation for not making the complainant a plaintiff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.